കൊച്ചി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്ത് ഒളിവിലായിരുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നാട്ടിലെത്തിയാല്‍ അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. 39 ദിവസത്തിനു ശേഷം, ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള വിമാനത്തിലാണു കൊച്ചിയിലെത്തിയത്. തൊട്ടു പിന്നാലെ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗം പിടിച്ചെടുത്തു. ഹൈക്കോടതി വ്യാഴാഴ്ച വരെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയാണു വിജയ് ബാബു നാട്ടില്‍ എത്തി.
വിമാനത്താവളത്തില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി 'കേസിനെ നിയമപരമായി നേരിടും, അന്വേഷണവുമായി സഹകരിക്കും, കോടതിയില്‍ വിശ്വാസമുണ്ട്, സത്യം കോടതിയില്‍ തെളിയിക്കും, പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പംനിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി' എന്നു മാത്രം പ്രതികരിച്ചു വിജയ് ബാബു വാഹനത്തില്‍ കയറിപ്പോയി.