എടപ്പാള്‍: എന്‍.ഡി.പി.എസ് സ്പെഷല്‍ ഡ്രൈവില്‍ വലിയ അളവിലുള്ള സിന്തറ്റിക് മയക്കുമരുന്നുമായി ഒരാള്‍ പിടിയിലായി. കഴിഞ്ഞയാഴ്ച ഗോവയില്‍ പോയത് മുതല്‍ ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത എം.ഡി.എം.എക്ക് കാല് ലക്ഷത്തിലധികം രൂപ വില വരുന്നതായി കണക്കാക്കുന്നു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മര്‍സൂഖാണ് (22) പൊന്നാനി എക്സൈസ് റേഞ്ച് സംഘം എടപ്പാള്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയില്‍ 4.612 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
സിന്തറ്റിക് മയക്കുമരുന്നു കടത്തില്‍ പ്രധാനിയാണ് മുഹമ്മദ് മര്സൂഖെന്നും ഇയാളുടെ കീഴില്‍ ചങ്ങരംകുളം, എടപ്പാള്‍, നടുവട്ടം മേഖലയില്‍ എം.ഡി.എം.എ വിതരണം ചെയ്യുന്ന ചെറുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. പത്തു വര്‍ഷത്തിലധികം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണിത്. പൊന്നാനി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ. ജിനീഷ്, പ്രിവന്റീവ് ഓഫിസര്‍ എ. ഗണേശന്, പ്രിവന്റീവ് ഓഫിസര്‍ എല്‍. ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജെ.ഒ. ജെറിന്, കെ. അനൂപ്, എ.എസ്. ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
