പരപ്പനങ്ങാടി: കഞ്ചാവെന്ന് വിശ്വസിപ്പിച്ചു ഉണങ്ങിയ പുല്ല് നല്‍കി പണം തട്ടിയയാള്‍ എത്തിയ ഓട്ടോറിക്ഷ തട്ടിയെടുത്ത അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി. എ.ആര്‍. നഗര്‍ സ്വദേശികളായ നെടുങ്ങാട്ട് എ. വിനോദ്കുമാര്‍ (38), വാല്‍പറന്പില്‍ സന്തോഷ്(46), മണ്ണില്‍തൊടി ഗോപിനാഥന്‍ (38), കൊളത്തറയിലെ വരിക്കോളി മജീദ് (35), കോഴിക്കോട് കുതിരവട്ടം സ്വദേശി പറന്പതൊടി ദിനേശന്‍ (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറമംഗലം സ്വദേശി റഷീദ് കഞ്ചാവിനു പകരം ഉണക്കപ്പുല്ല് നല്‍കി പണം വാങ്ങി മുങ്ങുന്നതിനിടെ, തട്ടിപ്പ് മനസിലാക്കി പിന്തുടര്‍ന്ന സംഘം റഷീദ് എത്തിയ ഓട്ടോറിക്ഷ തട്ടിയെടുക്കുകയായിരുന്നു. 


റഷീദ് പിടിയിലാകാതെ രക്ഷപ്പെട്ടു. തുടര്‍ന്നു ഓട്ടോഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിറമംഗലം ജംഗ്ഷനില്‍ നിന്നാണ് റഷീദ് ഖാലിദിന്‍റെ ഓട്ടോ വിളിച്ചത്. തലപ്പാറയില്‍ വച്ചായിരുന്നു കഞ്ചാവ് കൈമാറ്റം. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനോദ്കുമാര്‍ എന്നയാളുടെ സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളായ ദിനേശന്‍, മജീദ് എന്നിവര്‍ക്ക് റഷീദ് കഞ്ചാവ് നല്‍കാമെന്നേറ്റിരുന്നു. 

എന്നാല്‍ കഞ്ചാവ് ലഭിക്കാഞ്ഞതിനാല്‍ റഷീദ് പകരമായി ഉണങ്ങിയ പുല്ല് പാക്കറ്റിലാക്കി വിനോദ് കുമാറിന് നല്‍കി 20,000 രൂപ കൈപ്പറ്റി. തുടര്‍ന്നു ഓട്ടോറിക്ഷയില്‍ കയറിപ്പോയ റഷീദിന്‍റെ വെപ്രാളം കണ്ടു സംശയം തോന്നിയ വിനോദ്കുമാര്‍ കവര്‍ പരിശോധിച്ചപ്പോള്‍ കബളിപ്പിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞു. 

ഓട്ടോറിക്ഷയെ പിന്തുടര്‍ന്നു വിനോദ്കുമാറും സംഘവും ഓട്ടോ പിടികൂടിയെങ്കിലും റഷീദ് ഓട്ടോയില്‍ നിന്നു ചാടി രക്ഷപ്പെട്ടു. റഷീദ് എത്തിയ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം കവര്‍ന്നു മറ്റൊരിടത്ത് ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഓട്ടോഡ്രൈവര്‍ പരാതി നല്‍കിയത്. അഞ്ച് പ്രതികളെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസ് പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികളെപ്പറ്റി അന്വേഷിച്ചു വരികയാണ്.

Previous Post Next Post

Whatsapp news grup