മഞ്ചേരി : മഞ്ചേരി നെല്ലിപ്പറമ്പിൽ കാമുകിൻതോട്ടത്തിലെ വെള്ളക്കെട്ടിൽ കള്ളനോട്ടുകൾ കണ്ടെത്തിയ വാർത്തയിൻമേലുള്ള ഊഹാപോഹങ്ങൾക്ക് വിട. നോട്ടുകെട്ടുകളെ കുറിച്ച് പലവിധ കഥകളും നാട്ടിൽ പ്രചരിച്ചു. നോട്ടടിക്കാൻ സാധ്യതയുള്ള അച്ചടിശാലകളെക്കുറിച്ചും ഭീകരവാദബന്ധങ്ങളെക്കുറിച്ചുമായി ചിലർ. എൻ.ഐ.എ. അന്വേഷിക്കണമെന്ന് മറ്റു ചിലർ. ഒടുവിൽ നോട്ട് ഉണക്കിയെടുത്ത് പോലീസ് സസ്പെൻസ് പൊളിച്ചു.
വിദഗ്‌ധ പരിശോധനയിൽ നോട്ട് സിനിമാചിത്രീകരണത്തിനുള്ളതാണെന്നും സീറോ വാല്യു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.ശനിയാഴ്ച രാവിലെ അതുവഴി നടന്നുപോയ ഒരു സ്ത്രീയാണ് നോട്ടുകൾ ആദ്യം കണ്ടത്.
ഉടൻ സമീപവാസികളെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി. പാതി കരിഞ്ഞതും വെള്ളത്തിൽ കുതിർന്നതുമായ ഇരുപതോളം 500 രൂപയുടെ നോട്ടുകളാണ് ഉണ്ടായിരുന്നത്.