പൊന്നാനി: തിരമാലകൾക്കൊപ്പം കരയിലേക്ക് ഇരച്ചുകയറി മത്തിക്കൂട്ടം. വാരിയെടുത്ത് ജനങ്ങൾ. കണ്ടുനിന്നവർ ആദ്യം അമ്പരന്നു. പിന്നെ മത്തിവാരിക്കൂട്ടാൻ തിരക്ക്. ശനിയാഴ്‌ച പൊന്നാനി കടപ്പുറത്താണ് മത്തിച്ചാകരയുണ്ടായത്.
പൊന്നാനി ലൈറ്റ്‌ഹൗസ് മുതൽ പുതുപൊന്നാനി കടപ്പുറം വരെയുള്ള ഭാഗത്താണ്. ശനിയാഴ്‌ച 12 മണിയോടുകൂടി ജീവനുള്ള മത്തി കരയ്ക്കടിഞ്ഞുതുടങ്ങിയത്. ഇതോടെ കരയിലുണ്ടായിരുന്നവരെല്ലാം തീരത്തേക്ക് ഓടിയെത്തി. വിവരമറിഞ്ഞും ഒരുപാടുപേർ കടപ്പുറത്തെത്തി.
ആദ്യം ഞെട്ടലായിരുന്നെങ്കിലും പിന്നീട് ദൃശ്യങ്ങൾ പകർത്താനും മത്തി വാരിക്കൂട്ടാനും തിരക്ക്. ചാകര ഒരുമണിക്കൂറോളം തുടർന്നു.