കോട്ടക്കൽ: അരിച്ചോൾ-പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി കാറിലും സ്കൂട്ടറിലും മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അരി കയറ്റി വരികയായിരുന്നു ലോറി. ബ്രേക്ക് നഷ്ടപ്പെട്ട ലോറി അമിതവേഗത്തിൽ ഇറക്കം ഇറങ്ങിയ ശേഷം മുന്നിലുണ്ടായിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ശേഷം റോഡരികിൽ നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചാണ് മറിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അരി കയറ്റി വരികയായിരുന്നു ലോറി.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പുത്തൂർ പാലത്തിന് സമീപമുള്ള സമാന്തര റോഡിലേക്കും മറിഞ്ഞു. കാർ പൂർണമായും തകർന്നിട്ടുണ്ട്. കാർ യാത്രികർക്ക് നിസാര പരിക്കേറ്റു. ലോറി ഡ്രൈവർ തമിഴ്നാട് പുതുക്കോട്ട സ്വദേശി നസീർ (25), കൂടെയുണ്ടായിരുന്ന ശക്തി (30) മറ്റ് വാഹനങ്ങളിലെ യാത്രക്കാരായ ആലുങ്ങൽ പുറയ്ക്കൽ രാജീവ് (44), ചന്ദനൻ (52) എന്നിവരെ നിസ്സാര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ അരിച്ചോൾ ഇറക്കം അപകടമേഖലയായി മാറിയിരിക്കുകയാണ്. അരിച്ചോൾ മുതൽ പുത്തൂർവരെ വളവും തിരിവുമായ ഇറക്കമാണ്. എസ് ആകൃതിയിലുള്ള ഈ ഇറക്കത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്. കഴിഞ്ഞമാസം ഗ്രാനൈറ്റ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറഞ്ഞിരുന്നു. ഇതിനുമുമ്പ് ഇറക്കത്തിൽ ക്രെയിൻ നിയന്ത്രണംവിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി ഒരാളുടെ മരണത്തിന് ഇടയാക്കിയിരുന്നു.
ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ വാഹനം പാഞ്ഞെത്തുക ഏറെ തിരക്കുള്ള പുത്തൂർ ബൈപ്പാസ് ജങ്ഷനിലേക്കാണ്. തിരൂർ, മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങളും ബൈപ്പാസ് വഴി പോകുന്ന വാഹനങ്ങളും യഥേഷ്ടം കടന്നുപോവുന്ന റോഡിൽ ചെറിയ അപകടങ്ങൾപോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും.
ഇവിടെ വേണ്ട വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ല. അപകടങ്ങൾ പതിവായിട്ടും റോഡിൽ സുരക്ഷാ സംവിധാനങ്ങളൊന്നും അധികൃതർ സ്ഥാപിച്ചിട്ടില്ല. വളവിൽ അപകട സൂചനാ ബോർഡുകളോ റിഫ്ലക്ടറുകളോ, സുരക്ഷാഭിത്തിയോ ഇതുവരെ സ്ഥാപിച്ചിട്ടില്ല.