മലപ്പുറം; വേങ്ങരയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ പിടിയില്‍. വേങ്ങര ഗവ.വിഎച്ച് എസ്‌യിലെ അധ്യാപകനായ അബ്ദുല്‍ കരിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചോളം കുട്ടികളോട് പ്രതി ഇത്തരത്തില്‍ പെരുമാറിയതായി പൊലീസ് പറയുന്നു. അബ്ദുല് കരീം പോപുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ഡിസ്ട്രിക്‌ട് പ്രസിഡന്റാണ്.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. സ്കൂള്‍ അധികൃതരാണ് ലൈംഗികാതിക്രമത്തെ പറ്റി പോലീസിനെ അറിയിച്ചത്. സ്കൂള്‍ കൗണ്‍സിലിംഗിനിടെ കുട്ടികള്‍ അധ്യാപകന്‍ ഇത്തരത്തില്‍ പെരുമാറിയത് വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം സ്കൂളിലെ അധ്യാപിക പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മലപ്പുറം വനിത പോലീസ് ആണ് അബ്ദുല്‍ കരീമിനെ പിടികൂടിയത്.
കണക്ക് അദ്ധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടും കരുതലോടും കൂടി 2022 ഒക്ടോബര്‍ മാസത്തില്‍ പല ദിവസങ്ങളിലായി പല തവണകളിലായി അതിജീവിതയുടെ മാറിലും മറ്റു ശരീര ഭാഗങ്ങളിലും സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.ആറ്, ഏഴ് ക്ലാസ്സില്‍ പഠിക്കുന്ന 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തില്‍ പെരുമാറിയതായി പോലീസ് അറിയിച്ചു. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം ആണ് പോലീസ് അബ്ദുല് കരീമിന് എതിരെ കേസ് എടുത്തിട്ടുള്ളത്.
വേങ്ങരയില്‍ നിന്നും ഇയാളെ മലപ്പുറം വനിത പോലീസ് സ്റ്റേഷനിലേക്ക് ആണ് കൊണ്ട് പോയി. മലപ്പുറം , വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പോക്സോ അനുബന്ധ കുറ്റകൃത്യങ്ങള്‍ മലപ്പുറം വനിത സെല്‍ ആണ് അന്വേഷിക്കുന്നത്