പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുവ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഓട്ടോ ഡ്രൈവറാണ് സജീർ. പേരാമ്പ്ര സ്വദേശിയായ 19 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
പേരാമ്പ്രയിൽനിന്ന് ബന്ധുവീട്ടിലേക്ക് പുറപ്പെട്ട യുവതി വഴിതെറ്റി പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ എത്തുകയായിരുന്നു. സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികളായ മുനീർ, പ്രജീഷ് എന്നിവര്‍ പെൺകുട്ടിയെ സമീപിച്ചത്. പിന്നാലെ അടുത്ത കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിരയാക്കിയെന്നാണ് പരാതി. തുടർന്ന് മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സജീറിനൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി കാസർകോട്ടേക്കുള്ള ട്രെയിനിൽ കയറി.
കാസർകോട് എത്തിയ ശേഷം പൊലീസാണ് യുവതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
