തിരൂർ: തിരൂർ സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് വീണ്ടും കേടായി. സിവിൽ സ്റ്റേഷനിലെത്തി വിദ്യാഭ്യാസ ജില്ലാ ഓഫിസിലേക്കു പോകണമെങ്കിൽ 96 പടികൾ നടന്നു കയറണം. എംപ്ലോയ്മെന്റ് ഓഫിസിലേക്ക് എത്താൻ 48 പടിയാണ് ദൂരം. താലൂക്ക് ഓഫിസ് അടക്കം 16 ഓഫിസുകളാണ് 5 നിലകളിലായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
ഇതിലെല്ലാമായി അറുനൂറോളം ജീവനക്കാരുണ്ട്. കൂടാതെ ദിവസവും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് നൂറ് കണക്കിനാളുകളും. ഇവരിൽ ഭിന്നശേഷിക്കാരുണ്ട്, പ്രായമായവരുണ്ട്. ഗർഭിണികളുണ്ട്, കൈക്കുഞ്ഞുങ്ങളുമായി വരുന്നവരുണ്ട്. ഇവരെല്ലാം നടന്നു കയറിത്തന്നെ ഓഫിസുകളിൽ എത്തേണ്ട സ്ഥിതിയാണ്. 2004ലാണ് ഇവിടെ ലിഫ്റ്റ് സംവിധാനം തയാറാക്കിയത്.
ഒരു താൽക്കാലിക ഓപ്പറേറ്ററുമുണ്ടായിരുന്നു. ഇടക്കാലത്ത് കേടായതോടെ മുൻ എംഎൽഎ സി.മമ്മൂട്ടി ഇത് ശരിയാക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ ഓട്ടമാറ്റിക് സംവിധാനത്തിലേക്കു മാറ്റുകയും ഓപ്പറേറ്ററെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം പലപ്പോഴായി ലിഫ്റ്റ് കേടായിത്തുടങ്ങി. ശരിയാക്കലിന്റെ പേരിൽ ലിഫ്റ്റിലെ പല പുതിയ ഭാഗങ്ങളും മാറ്റി പഴയത് സ്ഥാപിച്ചെന്ന ആരോപണവുമുണ്ട്.
ബാറ്ററി സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിനാൽ വൈദ്യുതി നിലയ്ക്കുമ്പോൾ പലപ്പോഴും ഇതിൽ ആളുകൾ കുടങ്ങാൻ തുടങ്ങി. ഓപ്പറേറ്റർ ഇല്ലാത്തതിനാൽ ലിഫ്റ്റ് മുകൾ നിലയിലേക്കു വലിച്ചു കയറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തിരുന്നത്. കഴിഞ്ഞ ആഴ്ചയും ഇത്തരം സംഭവമുണ്ടായി.
ഇതിനിടെ തിങ്കളാഴ്ച ലിഫ്റ്റ് പൂർണമായി പൂട്ടിയിട്ടു. ഇതോടെ എല്ലാവരും പടികൾ നടന്നു കയറേണ്ട സ്ഥിതിയായി. എത്രയും പെട്ടെന്നു ഇത് ശരിയാക്കിയില്ലെങ്കിൽ സമരം നടത്തുമെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. ഇവിടെയെത്തുന്ന ജനങ്ങളും ലിഫ്റ്റ് ശരിയാക്കാൻ ആവശ്യപ്പെടുന്നുണ്ട്.
