അവിടെ നിന്നുള്ള വലിയ പരാതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്രയൊക്കെ പരാതികള്‍ ഉയര്‍ന്നിട്ടും വീണ്ടും ബോട്ട് യാത്ര തുടര്‍ന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ പെരുന്നാള്‍ ദിവസമുള്ള ഒരു ദൃശ്യമാണിതെന്നാണ് വെളിപ്പെടുന്നത്. ബോട്ടിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്.
അപകടത്തില്‍പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ല. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി യാത്രാബോട്ടാക്കി. ബോട്ടിന് രജിസ്‌ട്രേഷന്‍ ഇല്ല. ബോട്ട് സ്രാങ്കിനും ലൈസന്‍സില്ല. പകല്‍സമയം മാത്രം സര്‍വ്വീസ് നടത്തണമെന്ന നിബന്ധന പാലിച്ചില്ല. ബോട്ടിന്റെ ഡിസൈന്‍ അപേക്ഷക്കൊപ്പം നല്‍കിയില്ല. പണി പൂര്‍ത്തിയാക്കിയ ശേഷം നേവല്‍ ആര്‍ക്കിടെക്റ്റ് പരിശോധിക്കണം. പരിശോധനക്ക് പോര്‍ട്ട് ഓഫ് രജിസ്ട്രിക്ക് അപേക്ഷ നല്‍കിയില്ല എന്നിങ്ങനെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
ബോട്ടുടമ നാസര്‍ ഒളിവിലാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മെയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.