താനൂർ: താനൂരില്‍ 22 പേരെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ ബോട്ട് ഉടമ താനൂര്‍ സ്വദേശി നാസറിനെ കോഴിക്കോട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കും. നാസറിന് വേണ്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ എത്തിയ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ എറണാകുളത്ത് പോലീസിന്റെ പിടിയിലാകുകയും നാസറിന്റെ മൊബൈല്‍ ഫോണും കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്. ബോട്ടിലെ ജീവനക്കാരനായ നാലു പേരെ കൂടി പിടികിട്ടാനുണ്ട്.
നാസറിനെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടാനുള്ള നീക്കം നടത്തിയത്. ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നേടാനുള്ള നീക്കമാണ് നാസര്‍ നടത്തുന്നതെന്നാണ് വിവരം.
നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു. മലപ്പുറം പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. വിവരം കൊച്ചി സിറ്റി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കോഴിക്കോട് ഒളിവിലിരിക്കുന്ന ഇയാള്‍ ഫോണും കാറും സഹോദരന് കൊച്ചിയിലേക്ക് കൊടുത്തുവിട്ടത് ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തുന്ന പോലീസിനെ കബളിപ്പിക്കാനായിരുന്നു. എന്നാല്‍ പിടിയിലായ ബന്ധുക്കളില്‍ നിന്നും ഇയാള്‍ ഉപയോഗിക്കുന്ന നമ്ബര്‍ ലഭിച്ചതാണ് നിര്‍ണായകമായത്.