🔳ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വകഭേദം, ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
🔳കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. കേരളം പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പോര്‍ട്ടല്‍ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡല്‍ പരിഗണിക്കാവുന്നതാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത അതിന് മറുപടി നല്‍കി. ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ പാസ്സാക്കി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചാല്‍ നിയമങ്ങള്‍ റദ്ദാകും. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളും ഉത്തര്‍ പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തി സുരക്ഷയില്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണം ചില സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.
🔳വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കിസാന്‍ മഹാപഞ്ചായത്തിന്റെ ആഹ്വാനം. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ചര്‍ച്ചയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ടികായത് ആരോപിച്ചു. മഹാപഞ്ചായത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന്റെ 'ചരിത്രവിജയം' ആഘോഷിക്കുകയും മറ്റു ആവശ്യങ്ങള്‍ക്കായി പോരാടാനുള്ള സമരത്തിന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു.കാര്‍ഷിക, തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളില്‍ ശ്രദ്ധ ആവശ്യമാണെന്നും അവ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ രാജ്യത്തുടനീളം സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🔳ദില്ലിയിലെ വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കോടതിക്ക് കര്‍മ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച സുപ്രീംകോടതി മലിനീകരണം നിയന്ത്രിക്കാനുള്ള മുന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നിര്‍ദേശം നല്‍കിയെന്നും സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതില്‍ ഉപരിയായി കേന്ദ്രം എന്ത് ചെയ്യുന്നുവെന്നും കോടതി ചോദിച്ചു.
🔳പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി എന്‍ഡിഎ ഘടകകക്ഷി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന രീതിയില്‍ സിഎഎയും പിന്‍വലിക്കണമെന്നാണ് മേഘാലയയില്‍ നിന്നുള്ള നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇവരുടെ എംപിയായ അഗത സംഗ്മയാണ് ഇത്തരം ഒരു ആവശ്യം എന്‍ഡിഎ യോഗത്തില്‍ ഉയര്‍ത്തിയത്. പാര്‍ലമെന്റ് അംഗങ്ങളുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് എന്‍ഡിഎ എംപിമാരുടെ യോഗം നടന്നത്.
🔳ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാനുള്ള ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്കോയിന്‍. ഇന്ന് പാര്‍ലമെന്റിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
🔳കൊവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി ശക്തമായതോടെ കൂടുതല്‍ വിദഗ്ദ ചര്‍ച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി ചര്‍ച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരുന്നത് വരെ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം.
🔳സഹകരണ ബാങ്കുകള്‍ വഴിയാണ് ഗ്രാമങ്ങളില്‍ ബാങ്കിംഗ് വ്യാപകമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകള്‍ക്കെതിരായ ചില നീക്കങ്ങള്‍ കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. കേരള ബാങ്കിന് എതിരെയുള്ള നീക്കങ്ങളും ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
🔳അട്ടപ്പാടിയിലെ ശിശുമരണത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം പൊളിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭിണികള്‍ക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസമായി. ജനനി ജന്മരക്ഷാ പദ്ധതിയില്‍ ഗര്‍ഭിണികള്‍ക്കായി അവസാനം ഫണ്ട് അനുവദിച്ചത് മാര്‍ച്ച് മാസത്തിലാണ്. കുട്ടികള്‍ക്ക് ഒരു വയസായിട്ടും ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്ന് ആദിവാസികള്‍ പറയുന്നു. എല്ലാവര്‍ക്കും സഹായം കിട്ടിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. തുടര്‍ച്ചയായ ശിശുമരണങ്ങളെ തുടര്‍ന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി, കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് അവകാശപ്പെട്ടത്. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും ശരിയായി അവിടെ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി.
🔳കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് . കെ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. കെ റെയില്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
🔳അതൃപ്തി പരസ്യമാക്കി യു ഡി എഫ് യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. എല്ലാ കാര്യങ്ങളിലും കെ പി സി സി നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുന്നുവെന്നാണ് ഇരുനേതാക്കളുടേയും പരാതി. ഹൈക്കമാണ്ടിനെ വരെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും മാറ്റങ്ങളൊന്നും ഉണ്ടാകാത്തതില്‍ ഇരുവരും അതൃപ്തരാണ്. ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും കെ പി സി സി നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി.
🔳പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ഉള്ള വിഷയങ്ങളില്‍ കോടതി കടക്കുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. കോടതിയുടെ ഇടപെടലുകള്‍ മോന്‍സന്‍ കേസിലെ അന്വേഷണത്തെ ബാധിക്കുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് നിലവില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. മോണ്‍സണ്‍ കേസില്‍ സിബിഐ അന്വേഷണമാകാമെന്ന എന്‍ഫോഴ്സ്മെന്റിന്റെ പരാമര്‍ശത്തിനെതിരെയും സര്‍ക്കാര്‍ വാദിച്ചു. ഇ ഡി യുടെ നിലപാടിന് പിന്നില്‍ മറ്റ് പ്രേരണകളാണെന്നും അടുത്ത കാലത്തായി പല കേസുകളിലും ഇഡിയുടെ ഇടപെടല്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
🔳മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജു തങ്കച്ചനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു, പാര്‍ട്ടിക്കെത്തിയിരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
🔳കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കല്‍ കുടുംബത്തിലെ സുല്‍ത്താന ആദിരാജ മറിയുമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ചെറിയ ബീകുഞ്ഞി ബീവി എന്ന മറിയുമ്മ അറക്കല്‍ രാജകുടുംബത്തിലെ നാല്‍പതാമത് സ്ഥാനിയാണ്.
🔳യുഎഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം. സാമ്പത്തിക, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമ പരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. നിയമത്തിലെ പ്രധാന ഭേദഗതിയിലൊന്നാണ് കുറ്റകൃത്യ-ശിക്ഷാ നിയമത്തിലെ മാറ്റങ്ങള്‍. പുതിയ നിയമ പരിഷ്‌കാരം അനുസരിച്ച് സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മികച്ച സംരക്ഷണം ഉറപ്പാക്കും. ബലാത്സംഗത്തിനും സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ നല്‍കും. എന്നാല്‍ ഇതിന് ഇരയാക്കപ്പെടുന്നത് 18 വയസ്സില്‍ താഴെയുള്ളയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തയാളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും. വിവാഹേതര ബന്ധങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം. എന്നാല്‍ വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ക്രിമിനല്‍ കേസെടുക്കും.
🔳ഇന്ത്യ-ന്യൂസിലന്‍ഡ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. അവസാന വിവരം ലഭിക്കുമ്പോള്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് 138 ന് 7 എന്ന നിലയിലാണ്.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന ചെല്‍സിയെ സമനിലയില്‍ തളച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മറ്റ് മത്സരങ്ങളില്‍ സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അട്ടിമറി വീരന്മാരായ വെസ്റ്റ് ഹാമിനെ കീഴടക്കിയപ്പോള്‍ ലെസ്റ്റര്‍ സിറ്റി രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് വാറ്റ് ഫോര്‍ഡിനെ തകര്‍ത്തു.
🔳ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ ജേതാവിനെ ഇന്നറിയാം. പാരീസില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ആദ്യ ബാലണ്‍ ഡി ഓര്‍ ഷെല്‍ഫിലെത്തിക്കാന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി കാത്തിരിക്കുമ്പോള്‍ ഏഴാം തവണ നേട്ടം ആവര്‍ത്തിച്ച് റെക്കോര്‍ഡുയര്‍ത്താനാണ് ലിയോണല്‍ മെസി കൊതിക്കുന്നത്. യൂറോ കപ്പും ചാമ്പ്യന്‍സ് ലീഗും കൈവശമുള്ള കരുത്തില്‍ ജോര്‍ജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളിയായിട്ടുണ്ട്.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന്‍ വില 80 രൂപ കുറഞ്ഞ് 35,960ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4495ല്‍ എത്തി. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല. ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.
🔳ഇന്ത്യയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) സമാഹരണം ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നതിന്റെ റെക്കോഡ് 2021ന് സ്വന്തം. 50ലേറെ കമ്പനികള്‍ ചേര്‍ന്ന് 1.03 ലക്ഷം കോടി രൂപയാണ് ഈവര്‍ഷം ഇതുവരെ സമാഹരിച്ചത്. 2017ല്‍ 36 കമ്പനികള്‍ ചേര്‍ന്ന് നേടിയ 67,147.44 കോടി രൂപയായിരുന്നു ഇതിനുമുമ്പത്തെ റെക്കോഡ്. ഓരോ മാസവും 10 ലക്ഷത്തിലേറെ പേരാണ് 2021ല്‍ ഇതുവരെ നിക്ഷേപകരായി ഓഹരി ലോകത്തേക്ക് ചുവടുവച്ചത്.
🔳ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'അജഗജാന്തരം' ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച സ്വീകരണം. ഇതുവരെ 12 ലക്ഷത്തില്‍പ്പരം പേര്‍ കണ്ട ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ഗംഭീര ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് അജഗജാന്തരം എത്തുന്നത്. ചിത്രത്തിലെ 'ഒള്ളുള്ളെരു' എന്ന സൈട്രാന്‍സ് മിക്സ് ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.
🔳തമിഴിലെ പ്രശസ്ത സംവിധായകന്‍ തിരു ഒരുക്കുന്ന തെലുങ്ക് വെബ് സീരിസ് ജാന്‍സിയില്‍ അങ്ങാടിത്തെരു ഫെയിം അഞ്ജലിയും മലയാളി താരം ശരണ്യ ആറും പ്രധാന വേഷത്തില്‍ എത്തുന്നു. തിരു ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് പുതുവര്‍ഷത്തില്‍ ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ നായികയായി മറഡോണയിലൂടെ എത്തിയ ശരണ്യയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. പുതുവര്‍ഷത്തില്‍ റായര്‍ പരമ്പരൈ എന്ന ചിത്രത്തിലൂടെ ശരണ്യ തമിഴിലും എത്തുകയാണ്. പുതുമുഖം കൃഷ്ണ കുലശേഖരനാണ് ശരണ്യയുടെ നായകന്‍. കോമഡി പശ്ചാത്തലത്തിലാണ് റായര്‍ പരമ്പരൈ ഒരുങ്ങുന്നത്.
🔳മിനി കൂപ്പര്‍ എസിന് പിന്നാലെ ബിഎംഡബ്ല്യു എക്സ് 6 സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടക്രാഫ്റ്റില്‍ നിന്നാണ് താരം പുതിയ എസ്യുവി വാങ്ങിയത്. ഓഗസ്റ്റിലായിരുന്നു ധ്യാന്‍ മിനി കൂപ്പര്‍ എസ് സ്വന്തമാക്കിയത്. എക്സ് 6 ന്റെ രണ്ടു വകഭേദങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതില്‍ ഐ40 എം സ്പോര്‍ട്ട് എന്ന വകഭേദമാണ് ധ്യാന്‍ സ്വന്തമാക്കിയത്. രണ്ടു മോഡലുകള്‍ക്കും കരുത്തേകുന്നത് 3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 340 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമും നല്‍കും ഈ എന്‍ജിന്‍. വില 1.36 കോടി രൂപ.
🔳ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില്‍ നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു. 'കൂണ്‍ കുടയും കൂട്ടുക്കാരും'. കെ കെ പല്ലശ്ശന. എച്ച് ആന്‍ഡ് സി ബുക്സ്. വില 60 രൂപ.
🔳ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാല്‍ കരളിനെ സംരക്ഷിക്കാം. ഓട്സ്, ബ്രൊക്കോളി, കാബേജ്, ചീര തുടങ്ങിയ ഇലക്കറികള്‍ എന്നിവ കരളിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നു. ധാരാളമായി വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കും. കാപ്പി കുടിക്കുന്നത് ഫാറ്റി ലിവര്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കരള്‍ രോഗം വരാനുള്ള സാധ്യത 44 ശതമാനം കുറയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍ നടത്തിയ പറഠനത്തില്‍ പറയുന്നു. ഫാറ്റി ലിവര്‍ രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കും. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോ?ഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 'പോളിഫെനോള്‍സ്' എന്ന ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഓട്സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓട്സില്‍ ബീറ്റ-ഗ്ലൂക്കന്‍സ് എന്ന സംയുക്തം കൂടുതലാണ്. ഇത് കരളില്‍ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. വിഷവസ്തുക്കളെ പുറന്തള്ളാന്‍ കഴിയുന്ന എന്‍സൈമുകളെ സജീവമാക്കാന്‍ വെളുത്തുള്ളി നിങ്ങളുടെ കരളിനെ സഹായിക്കുന്നു. കൂടാതെ, കരള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ അല്ലിസിന്‍, സെലിനിയം എന്നിവയുടെ ഉയര്‍ന്ന അളവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 75.09, പൗണ്ട് - 100.06, യൂറോ - 84.59, സ്വിസ് ഫ്രാങ്ക് - 81.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.63, ബഹറിന്‍ ദിനാര്‍ - 199.22, കുവൈത്ത് ദിനാര്‍ -248.16, ഒമാനി റിയാല്‍ - 195.10, സൗദി റിയാല്‍ - 20.03, യു.എ.ഇ ദിര്‍ഹം - 20.45, ഖത്തര്‍ റിയാല്‍ - 20.63, കനേഡിയന്‍ ഡോളര്‍ - 58.93.