എടക്കര: മൂത്തേടത്ത് നിന്ന് നാടന്‍ തോക്കുകളും തിരകളും പിടികൂടി പോലീസ്. രഹസ്യ വിവരത്തെ തുടർന്ന് ബാലങ്കുളം സ്വദേശി സുഫിയാന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു സംഭവം. കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് 11 തിരകളും തോക്കുകളും പിടികൂടിയത്.
വീട്ടില്‍ അന്വേഷണ സംഘമെത്തി പരിശോധന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ച സൂഫിയാന്‍ ഒളിവില്‍ പോയെന്നും പോലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ടെടുത്ത ആയുധങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
വനമേഖലകളിലടക്കം ഒരിടവേളയ്‌ക്ക് ശേഷം മലയോര മേഖലയില്‍ മൃഗനായാട്ട് സജീവമായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ള മേഖലയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് ഏറെ അപകടകരമാണെന്നും ആയുധങ്ങള്‍ അവരുടെ പക്കല്‍ എത്താന്‍ സാദ്ധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. അതിനാല്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.