◼️ താനൂരിൽ മോഷണം, കവര്‍ച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി ഇരുപത്തഞ്ചോളം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. താനാളൂരിലെ മന്‍സൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് വേ മൊബൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ ഇയാളെ പ്രതിചേര്‍ത്തിരുന്നു. 2011 നവംബര്‍ മാസം താനൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. താനൂര്‍ പോലിസ് സെപ്റ്റംബര്‍ മാസം കണ്ണൂരിലുള്ള ചപ്പാരങ്കടവ് പോയിരുന്നങ്കിലും പോലിസ് അന്വേഷിച്ചു വന്നതറിഞ്ഞ പ്രതി മൊബൈല്‍ ഓഫ് ആക്കി മുങ്ങുകയായിരുന്നു. പിന്നീട് മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഊട്ടിയിലുണ്ടെന്ന് കണ്ടെത്തിയത്. ടൂറിസ്റ്റ് വേഷത്തിലാണ് പോലിസ് ഊട്ടിയിലെത്തിയത്. പ്രതിക്ക് കാസര്‍കോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്, വയനാട് ജില്ലയില്‍ മീനങ്ങാടി, മാനന്തവാടി, മലപ്പുറം ജില്ലയില്‍ പൊന്നാനി, മഞ്ചേരി, പെരുമ്ബടപ്പ്, ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം, പെരിങ്ങാവ് എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ 25 ഓളം കേസുകള്‍ ഉണ്ട്.
◼️ നിലമ്പൂരിൽ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാന്‍ ഉത്തരവ് നടപ്പാക്കാതെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവാണ് ഇതുവരെ നടപ്പാക്കാത്തത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. തടയണയടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30തിന് റിപ്പോര്‍ട്ട് ചെയ്യാണ് ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് സെക്രട്ടറിക്ക് സെപ്റ്റംബര്‍ 22ന് ഉത്തരവ് നല്‍കിയത്. നിലമ്പൂര്‍ സ്വദേശി എംപി വിനോദിന്റെ പരാതിയിലായിരുന്നു നടപടി. അനുമതിയില്ലാതെയാണ് നിര്‍മ്മാണമെന്ന് കണ്ടെത്തി നാലു വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത്് നടപടിയെടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.
◼️ നിലമ്പൂരിൽ കാട്ടാന ഭീഷണിയില്‍ പൊറുതിമുട്ടിയതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ വനം ക്വാര്‍ട്ടേഴ്സിലെത്തി പ്രതിഷേധിച്ചു. വഴിക്കടവ് രണ്ടാംപാടം നിവാസികളാണ് നെല്ലിക്കുത്ത് വനസംരക്ഷണ സമിതി പ്രവർത്തകരാണ് രണ്ടാംപാടം വനം ക്വാര്‍ട്ടേഴ്സിലെത്തിയത്. നെല്ലിക്കുത്ത് വനം അതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശത്ത് കാട്ടാനശല്യം മൂലം കൃഷി അസാധ്യമായിരിക്കുകയാണ്. തുടര്‍ച്ചയായി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ നാട്ടുകാരുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥനുമായി രണ്ട് മണിക്കൂറോളം നാട്ടുകാര്‍ ചര്‍ച്ച നടത്തി. രണ്ടാംപാടം നെല്ലിക്കുത്ത് ഔട്ട്പോസ്റ്റ് മുതല്‍ ആനമറിവരെ നാല് കിലോമീറ്റര്‍ ദൂരം 25 മീറ്റര്‍ വീതിയില്‍ അടികാട് വെട്ടാനും സോളാര്‍വേലിയുടെ തകരാര്‍ പരിഹരിക്കാനും തീരുമാനിച്ചു.
◼️ മങ്കടയിൽ റോഡരികിലെ മാലിന്യം തള്ളല്‍ കേന്ദ്രമായ പാലക്കത്തടം പ്രദേശത്തിന് ശാപമോക്ഷമാകുന്നു. ഇവിടെ സൗന്ദര്യവത്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ മങ്കട ഗ്രാമപഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ടത്തില്‍ വിശ്രമ മുറിയും ടോയ്ലറ്റ് സംവിധാനവും ടീ ഷോപ്പും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും നിര്‍മിക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വര്‍ഷങ്ങളായി ആളുകള്‍ മാലിന്യം തള്ളിയിരുന്ന ഈ പ്രദേശം വൃത്തിയാക്കി സൗന്ദര്യവത്കരണ പദ്ധതികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
◼️ പുലാമന്തോളിൽ റോഡരികില്‍ ദ്രവിച്ചു നില്‍ക്കുന്ന അത്തിമരം അപകട ഭീഷണിയാവുന്നു. കൊളത്തൂര്‍ -പുലാമന്തോള്‍ റൂട്ടില്‍ കുരുവമ്പലം വില്ലേജ് പടിക്ക് അടുത്താണ് സംഭവം. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതിനു ചുവട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. മരത്തിന്‍െറ അടിവശം മുതല്‍ മുകള്‍ഭാഗവും ഉള്‍വശവും പാടേ ദ്രവിച്ചനിലയിലാണുള്ളത്. മരംമുറിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു.
◼️ മഞ്ചേരിയിൽ സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവത്ക്കരിക്കുന്നതിനും രോഗികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമായി ആവിഷ്കരിച്ച ഇ-ഹെല്‍ത്ത് പദ്ധതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രാവര്‍ത്തികമാക്കാനായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലിസ്റ്റില്‍ മഞ്ചേരിയും ഉള്‍പെട്ടിട്ടുണ്ടെങ്കിലും 3,000 പേരെത്തുന്ന പ്രതിദിന ഒ.പിയില്‍ ഇപ്പോഴും പുലര്‍ച്ചെ മുതല്‍ വരി നിന്ന് തളരേണ്ട സ്ഥിതിയാണുള്ളത്. പദ്ധതി ആരംഭിച്ചെങ്കിലും പൂര്‍ത്തീകരണത്തിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആരോഗ്യപ്രവര്‍ത്തകര്‍ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലൂടെ ആധാര്‍ നമ്ബര്‍ മുഖേന രോഗിയുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഒന്നാംഘട്ട പ്രവര്‍ത്തനം പോലും ജില്ലയില്‍ പൂര്‍ത്തിയായിട്ടില്ല.
◼️ പൊന്നാനിയിൽ സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരം. ഔദ്യോഗിക പാനലിലെ ഒരാള്‍ തോറ്റു. അഡ്വ. പി.കെ.ഖലീമുദ്ധീനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയിലേക്ക് അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ നാലുപേരാണ് മത്സരിച്ചത്. ശശി വെളിയങ്കോട്, പി.വി.നൂറുദ്ദീന്‍, ഇ.കെ.ഖലീല്‍, പി.വി.ലത്തീഫ് എന്നിവരാണ് പാനലിനെതിരെ മത്സരിച്ചത്. ഇതില്‍ പി.വി.ലത്തീഫ് വിജയിച്ചു. ഔദ്യോഗിക പാനലിന്റെ ഭാഗമായ സുരേഷ് കാക്കനാത്താണ് പുറത്തുപോയത്.
◼️ ചങ്ങരംകുളം വളയംകുളത്ത് പ്രവര്‍ത്തിക്കുന്ന ഫാബ് ക്ലിനിക്കിന്റെ ഷട്ടര്‍ പൊളിച്ച് കവര്‍ച്ച. 35000 രൂപയും മറ്റു സാമഗ്രികളും കവര്‍ന്നിട്ടുണ്ട്. സമീപത്തെ ഹോട്ടലിലും ശനിയാഴ്ച രാത്രി മോഷണം നടന്നിട്ടുണ്ട്. ഇവിടെ നിന്ന് 3500 രൂപയോളം നഷ്ടപ്പെട്ടു.ഒരു മാസം മുമ്ബ് തൊട്ടടുത്ത് മൊബൈല്‍ ഷോപ്പ് കുത്തി തുറന്നു വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കവര്‍ന്നിരുന്നു. ഈ സംഭവത്തിന്റെ സിസി കാമറ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷണം വര്‍ധിക്കുന്നതു പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
◼️ നിലമ്പൂർ അകമ്പാടത്ത് ബസ്‌സ്റ്റാൻഡ് വന്നിട്ട് 15 വർഷം പൂർത്തിയായി. ഇതുവരേയും സ്റ്റാൻഡിനുള്ള അനുമതി മോട്ടോർ വാഹനവകുപ്പ് നൽകിയിട്ടില്ല. ബസ്‌സ്റ്റാൻഡിലേക്ക് കയറാനും ഇറങ്ങാനും പ്രത്യേകം വഴികളില്ലാത്തതാണ് അനുമതി നിഷേധിക്കാൻ കാരണം. സ്റ്റാൻഡിലേക്ക് കയറാൻ മാത്രമാണ് വഴിയുള്ളത്. അതേവഴിയിലൂടെ ഇറങ്ങാതെ മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങണമെന്നാണ് ചട്ടം. ഇതോടെ സ്റ്റാൻഡിന് സ്ഥലം സൗജന്യമായി നൽകിയ ഭൂവുടമയും വെട്ടിലായി. ചാലിയാർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രത്യേക താത്പര്യമെടുത്താണ് എരഞ്ഞിമങ്ങാട് സ്വദേശി നാലകത്ത് മുഹമ്മദ് എന്ന ചെറിയാപ്പുവിന്റെ 10 സെന്റ് സൗജന്യമായി വാങ്ങിയത്. മൂന്നുമീറ്റർ വീതിയിൽ വഴിയുംനൽകി. തുടർന്ന് 40 വർഷത്തെ പാട്ടത്തിന് 23 സെന്റ് സ്ഥലംകൂടി നൽകി. സൗജന്യമായി നൽകിയ 10 സെന്റിൽ പഞ്ചായത്ത് കാർഷിക വിപണനകേന്ദ്രം നിർമിച്ചു. അകമ്പാടത്ത് സ്ഥലത്തിന്റെ അതിർത്തിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് കരിങ്കൽ ഭിത്തിയും നിർമിച്ചു. പീന്നീട് ഇതുപൊളിച്ചു നീക്കി. 40 വർഷത്തേക്ക് ബസ്‌സ്റ്റാൻഡ് ഫീ പിരിക്കാൻ സ്ഥലമുടമയും പഞ്ചായത്തുംതമ്മിൽ കരാർ ഉണ്ടാക്കിയിരുന്നു. സ്റ്റാൻഡിന് അനുമതിയില്ലാത്തതിനാൽ സ്റ്റാൻഡ് ഫീസ് വാങ്ങാൻകഴിയില്ല. അത് സ്ഥലമുടമയ്ക്ക് നഷ്ടമായി. ഇതുവരെ പഞ്ചായത്ത് കരാർ പ്രകാരമുള്ള പണവും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ രണസമിതികൾ കാണിച്ച അലംഭാവമാണ് ബസ്‌സ്റ്റാൻഡിന്റെ നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം.
◼️ പൊന്നാനിയിൽ മൂന്നു മാസം മുൻപ് തുടങ്ങിയതാണ് പൊന്നാനി-തവനൂർ-കുറ്റിപ്പുറം ദേശീയപാതയിലെ യാത്രാദുരിതം. പത്തടി താഴ്ചയിൽ ഭൂമിക്കടിയിലെ ശുദ്ധജലവിതരണപൈപ്പ് പൊട്ടിയതായിരുന്നു കാരണം. ചമ്രവട്ടം പാലം വഴി എറണാകുളത്തേക്കും കോഴിക്കോട്ടേക്കും എളുപ്പമാർഗമായതിനാൽ കണ്ടെയ്നർ ലോറികളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ ദേശീയപാത വഴി കടന്നുപോകുന്നത്. രണ്ടാഴ്ചയിലേറെ ഗതാഗതം തടസ്സപ്പെടുത്തി കുറ്റിപ്പുറം പുതിയ ഹൈവേയിലൂടെ വണ്ടികൾ തിരിച്ചുവിട്ടായിരുന്നു പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിച്ചത്. പൈപ്പ് മാറ്റിസ്ഥാപിച്ച് രണ്ടരമാസം കഴിഞ്ഞിട്ടും 10 അടിയിലേറെ താഴ്ചയുള്ള ഈ കുഴി ശരിയായരീതിയിൽ മൂടി മെറ്റിലിട്ട് ടാറിങ് നടത്താൻ ജല അതോറിറ്റിക്കോ ദേശീയപാത അധികൃതർക്കോ കഴിഞ്ഞിട്ടില്ല.
◼️ വള്ളിക്കുന്നിൽ റോഡരികിലെ കൂറ്റൻ മരങ്ങളിലെ ഉണങ്ങിയ കൊമ്പുകൾ അപകടഭീഷണിയാകുന്നു. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ, ആനങ്ങാടി, കച്ചേരിക്കുന്ന് ഭാഗങ്ങളിലാണ് റോഡരികിലെ മരങ്ങളിൽ ഉണങ്ങിയ ശിഖരങ്ങളുള്ളത്. ഇവ പൊട്ടിവീഴാറായ സ്ഥിതിയിലാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലെ ഉണങ്ങിയ മരക്കൊമ്പുകൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഏറെ ഭീഷണിയാണ്. പല മരങ്ങളിലേയും ഉണങ്ങിയ ശിഖരങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്നവയാണ്. ലോറികളുൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന മരങ്ങളും ഏറെയുണ്ട്.
◼️ പെരിന്തൽമണ്ണയിൽ മൈതാനങ്ങളിൽ ഫുട്‌ബോളിന്റെ ആവേശം ജ്വലിപ്പിച്ച പഴയ കേരള പോലീസ് ടീമംഗങ്ങൾ വീണ്ടുമെത്തുന്നു. ഖേലോ മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷൻ നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റിനായാണ് താരങ്ങളെത്തുന്നത്. ഡിസംബർ നാലിന് 50 വയസ്സിനു മുകളിലുള്ളവരുടെയും അഞ്ചിന് 40 വയസ്സിന് മുകളിലുള്ളവരുടെ മത്സരങ്ങളുമാണ് നടത്തുക. നിരവധി താരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾക്ക് വേദിയായിട്ടുള്ള പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.