പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഴുവന്‍ ടര്‍ഫുകളിലും നിയമം പ്രാബല്യത്തില്‍ വരുമെന്ന് പൊന്നാനി സിഐ വിനോദ് പറഞ്ഞു.

രാത്രികാലങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ടര്‍ഫുകളില്‍ കളിക്കാനെന്നു പറഞ്ഞുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി അസമയത്ത് കയറിവരുന്നത് പതിവായതോടെ പ്രദേശത്തെ രക്ഷിതാക്കളുടെ പരാതിയെ

തുടര്‍ന്നാണ് പൊന്നാനി പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ വയനാട് ജില്ലയിലും സമാനമായ സാഹചര്യത്തില്‍ 10 മണിക്ക് ശേഷമുള്ള ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് പൊന്നാനിയിലും സമാന രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഈ തിങ്കളാഴ്ച മുതല്‍ പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍ ടാര്‍ഫുകളിലും രാത്രി 11 മണിക്ക് മുമ്പ് ലൈറ്റ് ഉള്‍പ്പെടെ ഓഫ് ചെയ്യണമെന്നും പൊന്നാനി സിഐ വിനോദ് അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉടമകളുടെ ഉപജീവനമാര്‍ഗം ടര്‍ഫില്‍ നിന്നായതുകൊണ്ട് 12 മണി വരെ പ്രവര്‍ത്തിക്കാം.

ഇക്കാര്യം ടര്‍ഫ് ഉടമകള്‍ കൃത്യമായി പാലിക്കണമെന്നും പോലീസ് കൃത്യമായി പരിശോധന നടത്തുമെന്നും പൊന്നാനി സിഐ പറഞ്ഞു. പ്രദേശത്ത് രാത്രികാലങ്ങളില്‍ ടര്‍ഫിന്റെ പേരും പറഞ്ഞ് ലഹരിമാഫിയ സജീവമായിട്ടുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം പോലീസ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post

Whatsapp news grup