അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടിയിലേറെ രൂപ പ്രവാസി മലയാളിക്ക്. ഒമാനില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് വേണുഗോപാലന്(42) ആണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ കുറി വീണത്. നവംബര്‍ 27-ന് ഓണ്‍ലൈനിലാണ് രഞ്ജിത് ഭാഗ്യ ടിക്കറ്റ് (നമ്പര്‍ 052706 ) എടുത്തത്. സമ്മാനത്തുക തന്റെ അഞ്ചു സുഹൃത്തുക്കളുമായി പങ്കിടുമെന്നു രഞ്ജിത് പറഞ്ഞു. രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹവും മലയാളിക്കാണ്. അല്‍ ഐനില്‍ താമസിക്കുന്ന അബ്ദുല്‍ മജീദാണ് ഭാഗ്യവാന്‍
തത്സമയ നറുക്കെടുപ്പ് കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ബിഗ് ടിക്കറ്റ് അധികൃതര്‍ രഞ്ജിതിനെ വിളിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന ഈ യുവാവ് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റാണ്. ഒമാനിലെ തന്റെ അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങിയത്. ഭാര്യയോടും അഞ്ചു വയസ്സുള്ള മകളോടൊപ്പമാണ് താമസം.
സമ്മാനത്തുക തന്റെ മകളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാന്‍ ഉപയോഗിക്കാനാണ് ആദ്യ പദ്ധതിയെന്ന് രഞ്ജിത് പറഞ്ഞു. നാട്ടിലുള്ള കുടുംബത്തിന് ഒരു വീടും നിര്‍മിക്കും. സമ്മാനം വാങ്ങാന്‍ അടുത്തമാസം ദുബയില്‍ വരാനുള്ള ഒരുക്കത്തിലാണ്.