പൂക്കിപറമ്പിൽനിന്ന് ജമ്മു കശ്മീർ വരെ ഓട്ടോയിൽ സാഹസിക യാത്ര നടത്തി തിരിച്ചെത്തി നാല് യുവാക്കൾ. പൂക്കിപറമ്പിൽ പൗരാവലി ഊഷ്മള സ്വീകരണമാണ് നാട്ടുകാർ ഒരുക്കിയത്. പൂക്കിപറമ്പ് സ്വദേശികളായ ചേക്കത്ത് നൂറുദ്ദീൻ (23), പരേടത്ത് ഉമറുൽ മുക്താർ (23), മാട്ടാൻ ശഫീഖ് അലി (25), കരുമ്പിൽ നിസാമുദ്ദീൻ (23) എന്നിവരാണ് ഇന്ത്യ ചുറ്റിക്കറങ്ങി തിരിച്ചെത്തിയത്.
ഒക്ടോബർ 28നാണ് പൂക്കിപറമ്പിൽനിന്ന് നൂറുദ്ദീെൻറ 2007 മോഡൽ പ്രൈവറ്റ് ഒട്ടോയിൽ ഇവർ യാത്ര തുടങ്ങിയത്. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ചുറ്റിക്കണ്ട് ജമ്മു കാശ്മീരിലെ സോജില പാസ് വരെ യാത്ര നടത്തി.തിരിച്ച് ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, യു.പി, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, വയനാട് എന്നിവിടങ്ങളിൽ ചുറ്റി കറങ്ങിയാണ് ഡിസംബർ മൂന്നിന് പൂക്കിപറമ്പിൽ തിരിച്ചെത്തിയത്.
38 ദിവസത്തെ യാത്രക്കൊടുവിലാണ് നാട്ടിലെത്തിയത്. യാത്ര തുടങ്ങി കർണാടകയെത്തിയപ്പോൾ ഓട്ടോയുടെ ടയർ പഞ്ചറായതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. തൊഴിലിൽ നിന്നു സമ്പാദ്യം മിച്ചം വെച്ച തുകക്കാണ് നാട് ചുറ്റാൻ ഇറങ്ങിയത്. താമസത്തിന് ടെൻറും ഭക്ഷണം പാകം ചെയ്ത് കഴിച്ചുമാണ് ഇവർ യാത്ര നടത്തിയത്. ജമ്മുകശ്മീരിൽ മാത്രമാണ് ഇവർ ഒരു ദിവസം റൂം വാടകക്ക് എടുത്ത് താമസിച്ചത്. 9000 കിലോമീറ്ററിനപ്പുറം കറങ്ങിയാണ് ഇവർ ഓട്ടോയിൽ തിരിച്ചെത്തിയത്.