● അരീക്കോട് ബൈക്ക് മോഷണ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. വന് സംഘം തന്നെ ഇത്തര കാര്ക്ക് പിന്നില് പ്രവര്ത്തിക്കുന്നതായി സി ഐ ലൈജു മോന് പറഞ്ഞു. പ്രതിയെ മഞ്ചേരി ജെഎഫ്സിഎം കോടതി റിമാന്റ് ചെയ്തു.
● തിരൂർ ഭാരതപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി-തിരൂർ പുഴയിൽ പൊറൂർ സ്വദേശി പരേതനായ കല്ലിങ്ങൽ വാസു വൈദ്യർ – ഭാർഗവി ദമ്പതികളുടെ മകൻ പ്രസാദ്(44) ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് നാട്ടുകാരാണ് മൃതദേഹം കണ്ടത്. പ്രസാദ് അവിവാഹിതനാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
● ചങ്ങരംകുളത്തെ ഹാരിസിന്റെ വിയോഗ ദുഃഖം വിട്ടൊഴിയാതെ നാട്ടുകാർ. കഴിഞ്ഞദിവസം നിയന്ത്രണംവിട്ടെത്തിയ കാർ ഫുട്ബോൾ താരമായ ഹാരിസിന്റെ ജീവൻ കവർന്നപ്പോൾ പൊലിഞ്ഞത് ഒരു ദേശത്തിന്റെ മികവാർന്ന സ്വപ്നങ്ങൾ കൂടിയായിരുന്നു. കോലിക്കരയിൽ ബൈക്കിൽ കാറിടിച്ച് മരിച്ച ഹാരിസ് പ്രദേശത്തെ ഫുട്ബോൾപ്രേമികളുടെ ആരാധ്യനായ താരമായിരുന്നു. പ്രദേശത്തെ ക്ലബ്ബുകൾക്കും വിവിധ ടീമുകൾക്കും വേണ്ടി ചെറുപ്പംമുതൽ ബൂട്ടണിഞ്ഞ ഇദ്ദേഹം ഗോൾകീപ്പറെന്ന നിലയിലാണ് ആരാധകരുടെ കണ്ണിലുണ്ണിയായത്. ബിരുദപഠനത്തിനുശേഷം എടപ്പാൾ സ്കൈബ്ലൂ ക്ലബ്ബിന് വേണ്ടി അഖിലേന്ത്യ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. മലപ്പുറം ജില്ലയിലടക്കം അഖിലേന്ത്യ സെവൻസ് ടൂർണമെന്റുകളിലും സാധാരണ കളികളിലുമെല്ലാം ഹാരിസിന് ഏറെ ആരാധകരാണുണ്ടായിരുന്നത്. പിന്നീട് വിദേശത്തേക്ക് പോയ ഇദ്ദേഹം ദുബായിലെത്തിയപ്പോഴും കളിക്കമ്പം വിട്ടില്ല. അവിടെയും നിരവധി ക്ലബ്ബുകൾക്കായി കളിച്ച് മലയാളികളുടെ അഭിമാനതാരമായി മാറി. ഇതിനിടയിലാണ് ഏതാനും ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയത്. അടുത്തുതന്നെ തിരിച്ചുപോകാനിരിക്കെയുണ്ടായ ദുരന്തം വീട്ടുകാർക്കൊപ്പം നാടിനും തീരാദുഃഖമായി.
● തിരൂർ പുറത്തൂരിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. കൂട്ടായി കോതപ്പറമ്പിലെ ഹാജിയാരുപുരക്കൽ നബീസുവിന്റെ ഗർഭിണിയായ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. പുലർച്ചെയാണ് സംഭവം. 20000 രൂപയുടെ നഷ്ടമുണ്ടായി.
● നിലമ്പൂർ പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ സ്ലാബുകൾ പൊട്ടിവീഴുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ സ്ലാബ് പൊട്ടിവീണിരുന്നു. ബസ് കാത്തുനിന്ന സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നഗരസഭ പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടത്തിന്റെ സ്റ്റാബുകൾ അടർന്നുവീഴാൻ കാരണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകൾ യാത്രചെയ്യുന്ന നടപ്പാതയിലേക്കാണ് സ്ലാബുകൾ പൊട്ടിവീണത്. രാത്രി ഏഴരയ്ക്കുശേഷം യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഈ ബസ്സ്റ്റാൻഡ് കെട്ടിടത്തിനു താഴെയും നടപ്പാതയിലുമാണ്.
● എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള ഭാഗങ്ങളിൽ രാത്രിയായാൽ പ്ലാസ്റ്റിക് മാലിന്യം തീയിട്ട് കത്തിക്കുന്നത് വ്യാപകമാവുന്നു. പുകകാരണം ദുരിതത്തിലാകുന്ന നാട്ടുകാർ പഞ്ചായത്തിലും പോലീസിലും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പ്ലാസ്റ്റിക് കവറുകളാണ് മിക്കയിടത്തും കത്തിക്കുന്നത്. ഇതിനായി പല കടകൾക്കു മുന്നിലും പ്രത്യേക സംവിധാനംതന്നെയുണ്ട്. കഴിഞ്ഞദിവസം എടവണ്ണപ്പാറയിൽ ചാലിക്കണ്ടം വയലിൽ കെട്ടിടത്തിനു പിറകുവശത്ത് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചു. ഇലക്ട്രിക് വയറിനു സമീപത്താണ് തീയിട്ടത്. പകൽസമയത്താണ് എടക്കടവ് പാലത്തിനടുത്ത് ചീനിമരത്തിനു തീയിട്ടത്. കെട്ടിടമാലിന്യം കൂട്ടിയിട്ടാണ് മരത്തിനു ചുവട്ടിലിട്ട് കത്തിച്ചത്. ഇതോടെ മരത്തിനും തീപിടിച്ചു. നാട്ടുകാരനെത്തി തീ അണയ്ക്കുകയായിരുന്നു.
● കുറ്റിപ്പുറത്ത് ദേശീയപാതയിൽ പെരുമ്പറമ്പിൽ സ്വകാര്യ ബസ് രണ്ട് വാഹനങ്ങളിൽ ഇടിച്ചു. ദേശീയപാതയിൽ പെരുമ്പറമ്പിനും പാണ്ടികശാലയ്കും ഇടയിൽ ചോലവളവിലാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലും വളാഞ്ചേരിയിലെ ഒരു ഡ്രൈവിങ്ങ് സ്കൂളിൻ്റെ ജീപ്പിലുമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും വശങ്ങൾ തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.
● കുറ്റിപ്പുറത്ത് വിവിധ കേസുകളിൽ പോലീസ് പിടികൂടി ദേശീയപാതയ്ക്കരികിൽ കൊണ്ടുവന്നിട്ട വാഹനങ്ങൾ ലേലം ചെയ്യാനുള്ള നീക്കം റവന്യൂ വകുപ്പ് ആരംഭിച്ചു. ദേശീയപാത ആറുവരിയാക്കുന്നതിന്റെ പ്രവൃത്തികളുടെ ആദ്യഘട്ടം ആരംഭിച്ചതോടെ റോഡരികിലെ വാഹനങ്ങൾ കഴിഞ്ഞദിവസം മുതൽ ദേശീയപാതാ അതോറിറ്റി നീക്കം ചെയ്തു തുടങ്ങി. കുറ്റിപ്പുറത്തും വട്ടപ്പാറയിലുമായി പോലീസ് പിടികൂടിയ 150-ൽപ്പരം വാഹനങ്ങളാണ് റോഡരികിൽ കുന്നുകൂടികിടക്കുന്നത്.
● വേങ്ങരയിൽ സഹപാഠികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാനൊരുങ്ങുകയാണ് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്. ഹയർസെക്കൻഡറി വിഭാഗത്തിലെ എൻ.എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർഥികൾ. സഹപാഠികളുടെ വീടുകൾ സന്ദർശിച്ചശേഷം അർഹരായ മൂന്നുപേരെ കണ്ടെത്തി അവർക്ക് സ്നേഹഭവനം നിർമിക്കുകയാണ് ഈ കുട്ടികൾ. നാട്ടുകാരുടെകൂടി സഹകരണത്തോടെ ഒരുവർഷംകൊണ്ട് സഹപാഠികളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
● നിലമ്പൂരിൽ തെരുവുനായ ശല്യം വർധിച്ചു. ആക്രമിക്കാൻ പിന്തുടർന്ന നായ്ക്കളിൽനിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് മദ്രസ വിദ്യാർഥിക്കു പരുക്കേറ്റു. നായ്ക്കളെ ഓടിച്ച് നാട്ടുകാരാണ് ബാലനെ രക്ഷപ്പെടുത്തിയത്. മുമ്മുള്ളിയിൽ കഴിഞ്ഞ ദിവസം രാവിലെ 7ന് ആണ് സംഭവം. ചക്കുങ്ങൽ ഷൗക്കത്തലിയുടെ മകൻ അഷ്മിലിന് (11) ആണ് പരുക്കേറ്റത്. മദ്രസയിൽനിന്നു മടങ്ങുകയായിരുന്നു. കൈയ്ക്കും തലക്കും പരുക്കുണ്ട്. ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. നായ്ക്കളെ ഭയന്ന് സ്കൂളിലും മദ്രസയിലും പോകുന്ന കുട്ടികൾക്ക് രക്ഷിതാക്കൾ കൂട്ടു പോകുകയാണ്.
● എടവണ്ണപ്പാറ വാവൂർ നെല്ലിത്തടായി ചെങ്കൽ ഖനനത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതിപ്രാധാന്യമുള്ള നൂറോളം ഏക്കർ വരുന്ന നെല്ലിത്തടായിൽനിന്നാണ് ചെങ്കൽ ഖനനത്തിന് അധികൃതർ അനുമതി നൽകിയത്. വാവൂരിന്റെയും വെട്ടുപാറയുടെയും ഇടയിൽ ഒരു രക്ഷാകവചം പോലെയാണ് ചാലിയാർ നിരപ്പിൽനിന്ന് ഏകദേശം മുന്നൂറിൽപ്പരം അടി ഉയരത്തിലുള്ള ഈ തടമുള്ളത്.
● നിലമ്പൂരിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യനിക്ഷേപത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായി സ്ഥലമുടമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ. രാത്രിയിൽ സാമൂഹിവിരുദ്ധർ മാലിന്യനിക്ഷേപം തുടരുകയാണ്. ‘മാലിന്യമുക്ത നഗരസഭ’ എന്ന ലക്ഷ്യം മുൻനിർത്തി ഹരിതകാന്തി പദ്ധതിയുമായി നഗരസഭ മുന്നോട്ടുപോകുമ്പോഴാണ് നിലമ്പൂരിന്റെ ഹൃദയഭാഗത്തുള്ള സ്ഥലത്ത് വ്യക്തിയുടെ തണ്ണീർതടം മാലിന്യക്കൂമ്പാരമാകുന്നത്.
● മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽപ്പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രകടനവും പ്രകോപനപരമായ സമ്മേളനവും. ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗിൽ പ്രവേശിച്ചിരിക്കുകയാണ്"; മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
● പൊന്നാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരിച്ചു. പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്നതുമായ ചേക്കൻ്റകത്ത് ഹമീദ് മകൻ ആസിഫ് എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ വെളിയംകോട്, ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ആസിഫ്, ജാഷിർ, സഫ്വാൻ, എന്നിവരെ വെളിയംകോട് അൽ-ഫാസ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ ചികിത്സക്കായി ആസിഫിനെ അമല ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തെങ്കിലും ആസിഫ് മരണത്തിന് കീഴടങ്ങി.
● പള്ളിക്കൽ, പുളിക്കൽ വില്ലേജുകൾ വിസ്തീർണം, ജനസംഖ്യ, ഭൂ പ്രകൃതി എന്നിവ പരിഗണിച്ചു വിഭജിക്കുന്ന കാര്യം ചർച്ച ചെയ്യാൻ കൊണ്ടോട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ ജന പ്രധിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം താലൂക്ക് ഓഫീസിൽ ചേർന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് സഭയിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. വില്ലേജുകളുടെ വിശദ വിവരം തയ്യാറാക്കി സർക്കാരിലേക്ക് റിപ്പോർട്ട് അയക്കാൻ തീരുമാനിച്ചു. നേരത്തെ കരിപ്പൂർ വില്ലേജിന് അനുകൂല ഉത്തരവുകൾ വന്നിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.
● എടവണ്ണയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകം കയറ്റിയ വാഹനം സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി. അനധികൃതമായി പാചകവാതകം നിറച്ചുനൽകുന്ന കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന പരാതികളെത്തുടർന്നാണിത്. ചെരുമണ്ണിൽ നിർമാണത്തിലുള്ള വീട്ടിൽനിന്ന് വാണിജ്യാവശ്യങ്ങൾക്കുള്ള ആറു സിലിൻഡറുകൾ വാഹനത്തിൽ കയറ്റുന്നതായാണ് ശ്രദ്ധയിൽപ്പട്ടത്. വാതകം മറ്റു കുറ്റികളിലേക്ക് നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന സാമഗ്രികളൊന്നും കണ്ടെത്താനായില്ല.
● കൊണ്ടോട്ടിയിൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷമായിട്ടും ബസ് സ്റ്റാൻഡിലെ വനിതാ വിശ്രമകേന്ദ്രം ഇനിയും തുറന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് കേന്ദ്രം അടഞ്ഞുകിടക്കാൻ കാരണം. നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനും കുഞ്ഞുങ്ങൾക്ക് മുലയൂട്ടുവാനുമെല്ലാം ലക്ഷ്യംവെച്ചാണ് വനിതാ വിശ്രമകേന്ദ്രം നിർമിച്ചത്. ബസ് സ്റ്റാൻഡിന് മധ്യത്തിലെ കെട്ടിടത്തിന് മുകളിലാണ് കേന്ദ്രം പണിതത്. നഗരസഭ 17 ലക്ഷം രൂപ ചെലവിട്ട് 2018-ലാണ് പദ്ധതി തുടങ്ങിയത്. കൊണ്ടോട്ടിയിൽ ഉദ്ഘാടനം കെങ്കേമമായി നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് തിരിച്ചടിയായി. പുറംചുമരുകൾ വർണാഭമാക്കിയെങ്കിലും അകത്ത് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കേന്ദ്രം തുറന്നുകൊടുക്കാനായില്ല. കോവിഡിന്റെ സാഹചര്യത്തിൽ ബസ് സ്റ്റാൻഡ് നിർജീവമായതും പദ്ധതി വിസ്മൃതിയിലാകാൻ കാരണമായി. കോവിഡ് പ്രതിസന്ധിക്കുശേഷം നഗരത്തിലെത്തുന്ന വനിതകളുടെ എണ്ണം കൂടിയെങ്കിലും വിശ്രമകേന്ദ്രം തുറക്കുന്നതിന് നഗരസഭ താത്പര്യം കാണിക്കുന്നില്ല.
● കാളികാവിൽ പൊളിച്ചുമാറ്റേണ്ടുന്ന കെട്ടിടം പുതുക്കിപ്പണിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കാളികാവിലെ വിശ്രമമന്ദിരമാണ് നവീകരിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ തുക ഉൾപ്പെടുത്തിയിരുന്നു. അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുംമുമ്പാണ് 16 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. വിശ്രമ മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്. മേൽക്കൂരയിലുള്ള മരം മാറ്റി ഇരുമ്പ് ഉപയോഗിച്ച് പുതുക്കിപ്പണിയലാണ് പ്രധാന പ്രവൃത്തി. ചുറ്റുമതിൽ, ശൗചാലയം ടൈൽ പാകൽ എന്നിവയും നടത്തുന്നുണ്ട്.
● എടപ്പാളിൽ പത്രത്തിന്റെ പണം പിരിച്ച് വീട്ടിലേക്കു വരാനായി സ്കൂട്ടറിനടുത്തെത്തിയ പത്രവിതരണക്കാരനെ നിയന്ത്രണംവിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ അതിർത്തിയായ കുമരനെല്ലൂരിലെ വിവിധ പത്രങ്ങളുടെ ഏജന്റായ മേലേപ്പുറത്ത് വാസുദേവൻ (70) ആണ് പരിക്കേറ്റ് ആശുപത്രിയിലായത്.
● എടപ്പാളിൽ പണം പിരിച്ച് സ്കൂട്ടറിൽ കയറിയപ്പോഴാണ് അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. എടപ്പാളിൽനിന്ന് കുമരനെല്ലൂരിലേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.
● എടപ്പറ്റയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ വില്ലേജ് ഓഫീസ് കെട്ടിട നിർമാണം എങ്ങുമെത്തിയില്ല. ഏപ്പിക്കാട് പ്രവർത്തിക്കുന്ന എടപ്പറ്റ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമാണമാണ് നിലച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ ചെലവിലാണ് എടപ്പറ്റ വില്ലേജ് ഓഫീസിന് ഹൈടെക്ക് കെട്ടിടം നിർമിക്കാൻ പദ്ധതിയിട്ടത്. എടപ്പറ്റയിൽ ഫെബ്രുവരി മൂന്നാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ കെട്ടിട നിർമാണത്തിന് തറക്കല്ലിടുകയും ചെയ്തു. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയത് നിർമിക്കേണ്ടത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന പണി പോലും പൂർത്തിയായിട്ടില്ല. നിലവിൽ ഉയർന്ന പ്രദേശത്താണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇത് ജനങ്ങൾക്ക് ഓഫീസിലെത്തുന്നതിന് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.
● ഊർങ്ങാട്ടിരിയിൽ ചോലാർമല, കുരീരി കൂട്ടപ്പറമ്പ് മേഖലകളിൽനിന്ന് കാട്ടാന പിൻവാങ്ങിയില്ല. ഒരാഴ്ചയിലേറെയായി ഈ മേഖലയിൽ കാട്ടാന നിരന്തരം കൃഷിനാശം വരുത്തുകയാണ്. നെല്ലിയാഴി, കൂട്ടപ്പറമ്പ് മേഖലയിൽ കഴിഞ്ഞ ദിവസവും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പുലർച്ചെ കൂട്ടപ്പറമ്പ് കോളനിയിൽ വീടുകൾക്ക് സമീപത്തെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. നൂറോളം വാഴകളും തെങ്ങുകളും നശിപ്പിച്ചു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഊർങ്ങാട്ടിരിയിലെ ഈ കാട്ടാന മമ്പാട് പുള്ളിപ്പാടം മങ്ങാട് മലവാരത്തിലെത്തിയതായാണ് സൂചന. പുള്ളിപ്പാടം, ഓടായിക്കൽ, കരിക്കാട്ടുമണ്ണ മേഖലകളിലും കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായി. റബ്ബർ ടാപ്പിങ് തൊഴിലാളികളും മറ്റും ഭീതിയിലാണ്. ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കും ഉറക്കമില്ലാത്ത രാപ്പകലുകളാണിപ്പോൾ. വനാതിർത്തികളിൽ സൗരോർജവേലിയിട്ട് കാട്ടാനകൾക്ക് തടയിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
● എടവണ്ണയിൽ ആദിവാസി കോളനികളിൽ ആനശല്യം തടയാൻ അടിയന്തര നടപടികൾ വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി. ആദിവാസി ഡെവലപ്മെന്റ് ഫെഡറേഷൻ (എ.ഡി.എഫ്.) ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് നിലമ്പൂർ നോർത്ത് വനം ഡിവിഷൻ ഓഫീസർക്കും എടവണ്ണ പഞ്ചായത്തധികൃതർക്കും പരാതി നൽകിയത്. മൂന്നിയൂരിൽ കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെ കടലിൽനിന്ന് വേലിയേറ്റസമയത്ത് പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നതായി കർഷകർ. മൂന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടിരിക്കുന്നതിനാലാണ് ഉപ്പുവെള്ളമെത്തുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതോടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളെയും കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. അങ്ങാടിപ്പുറത്ത് തന്റെ ചുമതലയിലുള്ള അഞ്ച് വാർഡുകളിൽ നിന്നും നികുതി നൂറുശതമാനം പിരിച്ചെടുത്ത ക്ലർക്കിന് സമ്മാനം നൽകി പഞ്ചായത്ത്. ക്ലർക്ക് പി. ശ്യാമളയാണ് 2020-21 വർഷത്തിൽ നൂറുശതമാനം നികുതി പിരിച്ചെടുത്തത്. ഇതിനുള്ള സ്നേഹോപഹാരമായാണ് ക്ലർക്കിന്റെ അടിസ്ഥാന ശമ്പളത്തുക പഞ്ചായത്ത് ഉപഡയറക്ടറുടെ അനുമതിയോടെ നൽകിയത്. 44,500 രൂപയാണ് റിവാർഡ് നൽകിയത്. 2019-20 വർഷത്തിലും ശ്യാമള ഈ നേട്ടം കൈവരിച്ചിരുന്നെങ്കിലും റിവാർഡ് ലഭിച്ചിരുന്നില്ല.
● വേങ്ങരയിൽ യു.ഡി.എഫ്. ഭരിക്കുന്ന പറപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ താത്കാലിക നിയമനത്തിനെതിരേ കോൺഗ്രസുകാരിയായ സ്ഥിരംസമിതി അധ്യക്ഷയുടെ വിയോജനക്കുറിപ്പ്. പറപ്പൂരിലെ ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഒഴിവുള്ള ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനായി കഴിഞ്ഞദിവസം നടത്തിയ അഭിമുഖത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഭിമുഖം കഴിഞ്ഞയുടനെ വിയോജനക്കുറിപ്പ് എഴുതിനൽകിയത്.
● വള്ളിക്കുന്നിൽ സാമൂഹിക വനവത്കരണ വിജ്ഞാനവ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ മാലിന്യം നീക്കംചെയ്തു.