● പെരുവള്ളൂർ പടിക്കലിൽ അർധരാത്രിയിൽ നടന്ന ബൈക്ക് അപകടത്തിൽ യുവാവ് ചോര വാർന്ന് മരിച്ചു.  പടിക്കൽ പറമ്പിൽപീടിക റോഡിൽ ആറങ്ങാട്ടുപറമ്പിലാണ് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ മരിച്ചത്. അർദ്ധരാത്രിയിൽ അപകടം നടന്നെങ്കിലും രാവിലെ 6 മണിയോടെയാണ് നാട്ടുകാർ രാഹുലിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം  തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.


● പെരിന്തൽമണ്ണ രാമപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാമപുരം പെട്രോൾ പമ്പിനടുത്ത്  അർദ്ധരാത്രിയിലാണ്  ബൈക്കും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ രാമപുരം അള്ളാളത്ത് കോളനിയിലെ സുരേന്ദ്രൻ മരണപ്പെട്ടു. അപകടസ്ഥലത്ത് നിന്ന് ഉടനെ മൗലാന ഹോസ്പിറ്റലിലേക്കും അവിടുന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


● മലപ്പുറത്ത്‌ അധ്യാപകരുടെ പി.എസ്.സി. പട്ടിക വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ രാപകൽ നിരാഹാരം നടത്തിയവരെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. ഉദ്യോഗാർഥികളുടെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് വനിതാ പോലീസ് ആംബുലൻസുമായെത്തി ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കഴിഞ്ഞദിവസം സ്‌പെഷ്യൽ ബ്രാഞ്ച് സംഘം സമരപ്പന്തൽ സന്ദർശിക്കുകയും സമരക്കാരുടെ ശാരീരികാവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.

മലപ്പുറത്ത് എൽ.പി. സ്‌കൂൾ അധ്യാപക മുഖ്യപട്ടിക പി.എസ്.സി. മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണന്നാവശ്യപ്പെട്ട് 13-നാണ് ഇവർ നിരാഹാരം തുടങ്ങിയത്. മലപ്പുറം ചെമ്മങ്കടവിലെ ആതിര മഹേഷ്, പേരാമ്പ്ര സ്വദേശി ബിൻസി ജിതിൻ എന്നിവരെയാണ് കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. അതിനെത്തുടർന്ന് രേഖ സതീഷിന്റെ നേതൃത്വത്തിൽ വേറൊരു സംഘം നിരാഹാരം തുടങ്ങി. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ.


● അരീക്കോട് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ അനധികൃത മണ്ണ് ഖനനത്തിന് ഉപയോഗിച്ച വാഹനങ്ങൾ അരീക്കോട് പൊലീസ് പിടികൂടി. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും ആറു ടിപ്പർ ലോറികളുമാണ് കാവനൂർ, വെള്ളേരി ഉൾപ്പെടെയുള്ള ഖനന പ്രദേശങ്ങളിൽനിന്ന്  പോലീസ് സംഘം പിടിച്ചെടുത്തത്.  സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് പാടശേഖരങ്ങൾ മണ്ണിട്ടു നികത്തുന്നതായി പരാതിയെ തുടർന്നായിരുന്നു പരിശോധന. പിടികൂടിയ വാഹനങ്ങൾ ജില്ല ജിയോളജിസ്റ്റിന് കൈമാറും. ഇതിനു പുറമെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ചാലിയാറിൽനിന്ന് മണൽ വാരുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


● പെരുവള്ളൂർ പറമ്പിൽ പീടികയിൽ നിർമ്മാണ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചേലേമ്പ്ര കൊളക്കുത്ത് നമ്പ്രത്തൊടി വീട്ടിൽ ബാലകൃഷ്ണൻ (60) ആണ് മരിച്ചത്. പറമ്പിൽ പീടികയിൽ ജോലിക്കിടെയാണ് കുഴഞ്ഞു വീണത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംസ്കാരം ഇന്ന് വീട്ടു വളപ്പിൽ.


● കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽനിന്ന്‌ തിരൂർ റോഡിലേക്കുള്ള ബൈപ്പാസിന്റെ വലതുഭാഗത്തെ വശം ഇടിഞ്ഞുതാഴ്‌ന്നു. രാവിലെ ഭാരംകയറ്റിയ ഒരു ലോറി കടന്നുപോകുന്നതിനിടെയാണ് സംഭവം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന് വീതി വളരെ കുറവാണ്.


● എടപ്പാളിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തുകിടക്കുന്ന  മേൽപ്പാലത്തിന്റെ ഭാരശേഷി പരിശോധനയ്ക്കും ടാറിങ് ഗുണമേൻമ പരിശോധനയ്ക്കും തുടക്കമായി. 13.65 കോടി രൂപ ചെലവിൽ നിർമിച്ച 220 മീറ്റർ നീളവും 7.5. മീറ്റർ വീതിയുമുള്ള പാലത്തിന് എത്ര ടൺ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിലയിരുത്താനുള്ള പരിശോധനയാണിത്. ഉദ്ഘാടനത്തിന് മുൻപ് ഇനി ശേഷിക്കുന്ന പ്രധാന ജോലിയാണിത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ്‌ കോർപ്പറേഷൻ കേരളയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക.


● നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ പന്നിയംകാട് നിവാസികൾക്ക് നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിൽ നിന്ന് വനത്തിലൂടെയുള്ള മണ്ണ് റോഡാണ് ഏക ആശ്രയം. എന്നാൽ വനം വകുപ്പ് കനിയാതെ റോഡ് യാഥാർത്ഥ്യമാകില്ല. മണ്ണുപ്പാടം-പന്നിയംകാട് റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിനെ മാത്രം ആശ്രയിച്ച് കഴിയുന്ന 40-ഓളം കുടുംബങ്ങൾ മഴക്കാലത്ത് ദുരിതജീവിതമാണ് നയിക്കുന്നത്. ഇക്കുറി മഴ നീണ്ടതോടെ റോഡ് ചെളിക്കുളമായി ഇരുചക്രവാഹനങ്ങക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിലമ്പൂർ ചാലിയാർ മേഖലയിൽ അരനൂറ്റാണ്ടിലേറെ കാലമായി കഴിയുന്ന കുടുംബങ്ങളാണ് അധികവും. പന്നിയംകാട്, ചരിയംകുത്ത് മേഖലയിൽപ്പെട്ടവർക്ക് മഴക്കാലം തുടങ്ങിയാൽപ്പിന്നെ അടുത്ത വേനൽവരെ ദുരിതംതന്നെ. പ്രദേശവാസികൾക്ക് രോഗംവന്നാൽ കസേരയിലിരുത്തി ചുമന്നുകൊണ്ടുപോകേണ്ട ഗതികേടാണ് നിലവിലുള്ളത്. റോഡ് മോശമായതിനാൽ കുട്ടികൾ ഉൾപ്പടെ ഒരു കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കണം. പ്രദേശവാസകൾ ഒപ്പിട്ട് ചാലിയാർ ഗ്രാമപ്പഞ്ചായത്ത്, വനംവകപ്പ് അധികൃതർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടും പ്രശ്ന പരിഹാരമായിട്ടില്ല.


● പൊന്നാനി താലൂക്കിലെ റേഷൻകടകളിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഒറ്റകേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതോടെ പൊന്നാനിയിലെ പേരുകേട്ട അരിഗോഡൗൺ ഓർമയാകും. പൊന്നാനിയിലെ ഗോഡൗൺ മാറ്റാനുള്ള സപ്ലൈകോയുടെ നീക്കം വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. പൊന്നാനി പി.സി.സി. സൊസൈറ്റിക്കു കീഴിൽ 1956 മുതൽ ആരംഭിച്ച ഗൗഡൗൺ ഇപ്പോൾ പൊന്നാനി സഹകരണ റൂറൽ സൊസൈറ്റിയുടെ കീഴിലാണ്. പൊന്നാനിയിലെ ഈ ഗോഡൗണിൽനിന്നാണ് മുൻപ് പൊന്നാനി താലൂക്കിനു പുറമേ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മൊത്തവ്യാപാരികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തിരുന്നത്. താലൂക്കിലെ 127 റേഷൻകടകളിലേക്കാണ് ഇവിടെനിന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തിരുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽനിന്ന് ഭക്ഷ്യധാന്യ വിതരണം സപ്ലൈകോ ഏറ്റെടുത്തതോടെ താലൂക്കിലെ വിതരണം മൂന്നിടത്തേക്കു മാറ്റി. തീരദേശത്തേതുൾപ്പെടെ 59 റേഷൻകടകളിലേക്കുള്ള വിതരണം മാത്രം പൊന്നാനിയിൽ നിലനിർത്തി ബാക്കിയുള്ളവ നരിപ്പറമ്പ്, എടപ്പാൾ എന്നിവിടങ്ങളിലെ സ്വകാര്യവ്യക്തികളുടെ ഗൗഡൗണുകളിൽനിന്നാക്കി. എന്നാൽ, ഇപ്പോൾ മൂന്നിടത്തുനിന്ന് വിതരണംചെയ്യുന്ന രീതി ഒഴിവാക്കി എടപ്പാൾ നടുവട്ടത്തുള്ള ഗോഡൗണിൽനിന്ന് എല്ലായിടത്തേക്കും വിതരണം ചെയ്യുന്നതിനുള്ള നടപടിയാണ് സപ്ലൈകോ സ്വീകരിച്ചിട്ടുള്ളത്.


● മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹോക്കി കളിച്ചുനടന്ന പയ്യൻ സർവകലാശാലാ മീറ്റിൽ സ്വർണമണിഞ്ഞത് 400 മീറ്റർ ഓട്ടത്തിൽ. ഹോക്കിയെ ജീവനുതുല്യം സ്നേഹിച്ച പൊറ്റേമ്മൽ ബിബിൻകുമാർ മണ്ണാർക്കാട് കല്ലടി എം.ഇ.എസ്. കോളേജിനു വേണ്ടിയായിരുന്നു നേട്ടംകൊയ്തത്. 49.08 സെക്കൻഡിൽ ബിബിൻ ഫിനിഷിങ് ടേപ്പ് തൊട്ടു. റാഷിബ് (തൃശ്ശൂർ സെയ്ന്റ് തോമസ്) രണ്ടാമതും ആർ. ലൈജു (ഗവ. ആർട്സ് കോളേജ്) മൂന്നാമതുമെത്തി. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശിയാണ് ബിബിൻ.


● പൊന്നാനി എരമംഗലത്ത്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയിലൂടെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിൽ 70 കോടി രൂപയുടെ സമഗ്ര കുടിവെള്ളപദ്ധതിക്ക് തുടക്കമായി. കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വെളിയങ്കോട് പഞ്ചായത്തിലെ 8000 കുടുംബങ്ങൾക്ക് ഭാരതപ്പുഴയിൽനിന്ന് ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പിലൂടെ നേരിട്ടു വീട്ടുപടിക്കൽ എത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.


● പള്ളിക്കലിൽ അസൗകര്യങ്ങളുടെ നടുവിൽ പള്ളിക്കൽ വില്ലേജോഫീസിന് ശ്വാസംമുട്ടുന്നു. 1979-ൽ പള്ളിക്കൽ ബസാറിലെ മൂന്ന് സെന്റ് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച കൊച്ചു കെട്ടിടത്തിലാണ് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കുടുസ്സു മുറികളുള്ള ഈ കെട്ടിടത്തിൽ വില്ലേജോഫീസ് പോലുള്ള ഒരു പ്രധാന സ്ഥാപനം പ്രവർത്തിപ്പിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെയില്ല. വില്ലേജോഫീസർക്കും ജീവനക്കാർക്കും ജോലിയെടുക്കുവാൻ മതിയായ സ്ഥലസൗകര്യം കെട്ടിടത്തിലില്ല. ഭൂരേഖകൾ സൂക്ഷിക്കുവാൻ ഫലപ്രദമായ സംവിധാനങ്ങളുമില്ല.

പള്ളിക്കലിൽ ഫയലുകളും രജിസ്റ്ററുകളും നിലത്തും അലമാരകളുടെ മുകളിലുമൊക്കെയാണ് വെച്ചിട്ടുള്ളത്. കാലപ്പഴക്കംകൊണ്ടു കേടുവന്ന് ചോർന്നൊലിക്കുന്ന കെട്ടിടത്തിന് മുകളിൽ ആസ്ബ്‌സ്റേറാസ് ഷീറ്റിട്ടതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഏതു നിമിഷവും തകർന്നു വീഴാവുന്നത്ര ശോചനീയമായ അവസ്ഥയിലാണ് ഓഫീസ് കെട്ടിടം. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ ഏക വില്ലേജാണിത്. 25.96 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വില്ലേജിൽ 60000-ത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്നു.


● കോട്ടയ്ക്കൽ റണ്ണേഴ്‌സ് ക്ലബ്ബ് ആണ് ഗോവയിൽനടന്ന മാരത്തണിൽ ഏറ്റവും കൂടുതൽ ഓട്ടക്കാരെ പങ്കെടുപ്പിച്ചത്. ക്ലബ്ബംഗങ്ങളായ 22 പേരാണ് വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തത്. സംഘം കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ തിരിച്ചെത്തി. ഹാഫ് മാരത്തോണിൽ ക്ലബ്ബിന്റെ സെക്രട്ടറിക്കും ക്ലബ്ബംഗം സജാസ് പുതുക്കിടിക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. ഫുൾ മാരത്തണിൽ പ്രദീപ് പിള്ള മികച്ച പൊസിഷനിൽ ഫിനിഷ് ചെയ്തു.


● പട്ടിക്കാട് മണ്ണാർമല പച്ചീരി ജലദുർഗാദേവി ക്ഷേത്രത്തിൽ വീണ്ടും മോഷണം. സി.സി.ടി.വി. ഹാർഡ് ഡിസ്ക്, മോണിറ്റർ, പണം എന്നിവ കവർന്നു. ബുധനാഴ്ച രാവിലെ ആറോടെ പൂജാരി നടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഓടുകൾ ഇളക്കിനീക്കിയാണ് കള്ളൻ അകത്ത് പ്രവേശിച്ചത്. മൂന്ന് മാസം മുമ്പ് ഇതേ ക്ഷേത്രത്തിൽ നടന്ന മോഷണത്തെത്തുടർന്ന് പോലീസിെൻറ നിർേദശപ്രകാരമാണ് സി.സി.ടി.വി. സ്ഥാപിച്ചത്. പെരിന്തൽമണ്ണ മണ്ണാർമലയിൽ ഇത്തവണ ഇവയും കള്ളൻ മോഷ്ടിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ്ന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി., മേലാറ്റൂർ സി.ഐ., മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പച്ചീരി ജല ദുർഗ്ഗാദേവീക്ഷേത്രത്തിൽ തുടർച്ചയായുള്ള മോഷണത്തിൽ  പ്രതിഷേധം ശക്തമായി.

Previous Post Next Post

Whatsapp news grup