സൗകര്യപ്രദമായി ഉത്പ്പന്നങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പും. പരമാവധി വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിയ്ക്കാൻ സപ്ലൈകോ (supplco kerala) 'സപ്ലൈ കേരള' എന്ന പേരിൽ ആൻഡ്രോയിഡ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ആപ് വഴി ലഭിയ്ക്കുന്ന ഓർഡറുകൾ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചു നൽകും. 10 കിലോമീറ്റർ ചുറ്റളവിലായിരിയ്ക്കും സപ്ലൈകോയുടെ ഡെലിവറി സംവിധാനം ഉണ്ടാവുക. നാല് കി.മീ ദൂരത്ത് അഞ്ച് കിലോ തൂക്കത്തിന് 35 രൂപയും ജിഎസ്ടിയും എന്ന നിരക്കിൽ ഡെലിവറി ചാർജ് ഈടാക്കിയാകും ഡെലിവറി നടത്തുക. ഉപഭോക്താക്കൾക്ക് സപ്ലൈ കേരള ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റ്  തിരഞ്ഞെടുത്ത് സപ്ലൈകോ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. സപ്ലൈ കേരള വഴി പുതുതായി വിപണിയിലിറക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തൽക്ഷണ അറിയിപ്പ്  ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുള്ളത്. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോർപറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ല ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകൾ പരിഹരിച്ച് നാലാംഘട്ടം മാർച്ച് 31ന് മുൻപ് കേരളത്തിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കും.

മികച്ച ഓഫറുകളും ഉപഭോക്താക്കൾക്കായി സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. ആപ് വഴി ബുക്ക് ചെയ്യുന്നവർക്ക് 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നൽകും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില നൽകും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും നൽകും. കൂടാതെ ഓൺലൈൻ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. സപ്ലൈകോ ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവും ആപ് വഴി ലഭ്യമാണ്.

സംസ്ഥാനത്തെ 500ൽ പരം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ 'സപ്ലൈ കേരള' ആപ്പ് വഴി വലിയൊരു വിതരണ ശൃംഖല സ്ഥാപിതമാകുന്നതോടെ 10,000 ലധികം യുവജനകൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഇതിനുപുറമേ, സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെന്റിലേക്കും മാറുകയാണ്.


Previous Post Next Post

Whatsapp news grup