വളാഞ്ചേരി: ജില്ലാ പൊലീസ് മേധാവി, മലപ്പുറം ആർ.ടി.ഒ എന്നിവരെ നിർദ്ദേശ പ്രകാരം പൊലീസും, മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഓപ്പറേഷൻ ഡെസിബൽ പദ്ധതിയുടെ ഭാഗമായി ബസ്സുകളിലും, ചരക്ക് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന എയർ ഫോൺ,നിരോധിക്കപ്പെട്ടിട്ടുള്ള ഹോണുകൾ, പൊതുനിരത്തിൽ അനാവശ്യമായി തുടർച്ചയായി ഹോണുകൾ മുഴക്കുക, ആംബുലൻസുകൾ അനവസരത്തിൽ ഹോണുകൾ മുഴക്കുക, സൈലൻസർ രൂപമാറ്റം വരുത്തി വായു, ശബ്ദമലിനീകരണം നടത്തുക തുടങ്ങിയ വാഹനങ്ങൾ പരിശോധിച്ചു.
തിരൂർ ജോ.ആർ.ടി.ഒ 42 ഓളം വാഹനങ്ങൾക്ക് എയർഹോൺ, മൾട്ടി ടോൺ ഹോൺ ഉപയോഗിച്ചതിന് കേസെടുത്തു.52500 രൂപ പിഴ ചുമത്തി. വളാഞ്ചേരി പൊലീസ് നേതൃത്വത്തിൽ 30 ഓളം വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തതായി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷ് പറഞ്ഞു. തിരൂർ ജോ.ആർ.ടി.ഒ എം. അൻവർ, എം.വി.ഐമാരായ സി.കെ. സുൽഫിക്കർ, വി.കെ. അബ്ദുൽ സലാം, എ.എം.വി.ഐ മാരായ ആർ. സുനിൽ കുമാർ, എസ്. അനസ്, സബാസ്റ്റ്യൻ ജോസഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിലെ പരിശോധനക്ക് നേതൃത്വം നൽകി.