◼️ മഞ്ചേരി ഇരുമ്പുഴി ജലാലിയ മദ്രസ്‌ക്കു സമീപത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഡൂര്‍ ചെമ്മന്‍ക്കടവ് നെടുമ്പോക്ക് സ്വദേശി തൂവമ്പാറ മനോജിന്റെ മകന്‍ സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. യുവാവിന്റെ കൂടെയുണ്ടായിരുന്ന സഹോദരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 3.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍നിന്നുള്ള വിമാനത്തിലെത്തിയ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂര്‍ സ്വദേശി ഷിഹാബ് എന്നിവരില്‍നിന്നാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടികൂടിയത്. ട്രോളി ബാഗിന്റെ ഹാന്‍ഡിലിനുള്ളില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും.
◼️ ചങ്ങരംകുളത്ത് തൃശ്ശൂര്‍ -കുറ്റിപ്പുറം സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ വാന്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ മൂന്നരയോടെ താടിപ്പടിയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയിലാണ് 10 അംഗ സംഘം സഞ്ചരിച്ച സ്കോര്‍പിയോ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചത്. എറണാംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാഷന്‍ഷോ ടീം അംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തില്‍ പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. കോട്ടക്കലില്‍ നിന്ന് ഫാഷന്‍ ഷോ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. അപകടത്തില്‍ പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി ആല്‍ബര്‍ട്ട് (20), കൊല്ലം സ്വദേശികളായ സുഹൈദ്(19), അസ്ലം(20), എരുമേലി സ്വദേശി ജെഫിന്‍(21), കുറുവിലങ്ങാട് സ്വദേശി ഹേമന്ത്(19) തൃശ്ശൂര്‍ കേച്ചേരി സ്വദേശി നവാഫ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവര്‍ ആല്‍ബര്‍ട്ടിനെ ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആല്‍ബര്‍ട്ടിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◼️ നിലമ്പൂർ ചീങ്കണ്ണിപ്പാലിയിലെ തടയണയ്ക്കു കുറുകെ സി.കെ. അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ്‌വേ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്‌മാൻ. പി.വി. അൻവർ എം.എൽ.എ.യുടെ ഭാര്യാപിതാവായ അബ്ദുൾലത്തീഫ് റസ്റ്റോറന്റിനുള്ള അനുമതിയുടെ പേരിലാണ് റോപ്‌വേ നിർമിച്ചത്. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ ജനുവരി 25-ന് റിപ്പോർട്ട് ചെയ്യണമെന്നും ഓംബുഡ്സ്‌മാൻ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവു നൽകിയിട്ടുണ്ട്. നിലമ്പൂരിൽ അനധികൃതനിർമാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30-ന് റിപ്പോർട്ട് ചെയ്യാനാണ് സെപ്റ്റംബർ 22-ന് ഓംബുഡ്സ്മാൻ ഉത്തരവു നൽകിയത്. എന്നാൽ ഈ ഉത്തരവു നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ്. ഓംബുഡ്സ്മാൻ ഉത്തരവു ലഭിക്കാൻ കാലതാമസമുണ്ടായെന്നും സി.കെ. അബ്ദുൾ ലത്തീഫിന് അയച്ച രണ്ടുനോട്ടീസും മേൽവിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും മൂന്നാമത്തെ നോട്ടീസ് ഇക്കഴിഞ്ഞ 26-ന് കൈപ്പറ്റിയെന്നും സെക്രട്ടറി. പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ റോപ്‌വേ പൊളിക്കുന്നതിനു മൂന്നുമാസത്തെ സാവകാശം തേടി. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിനു പെരുമാറ്റച്ചട്ടം ബാധകമല്ലെന്നു ഓംബുഡ്സ്മാൻ.
◼️ മലപ്പുറം ഹാജിയാര്‍പള്ളിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ഹാജിയാര്‍പള്ളി പള്ളിക്കല്‍ മുനവ്വറലി – ഫമിത ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഫമിതയുടെ ഇരുമ്പുഴി വടക്കുമുറിയിലുള്ള വീട്ടിലാണ് സംഭവം. രാവിലെ അഞ്ചുമണിയോടെ മുലയൂട്ടി കിടത്തി ഉറക്കിയതായിരുന്നു കുഞ്ഞിനെ. ആറുമണിയോടെയാണ് മരിച്ചതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
◼️ മങ്കട മേലെ അരിപ്രയിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അതിരാവിലെ വാഹനങ്ങൾ കുറവായതിനാൽ ദുരന്തം ഒഴിവായി. റോഡിൽ വീണ മരം പ്രദേശവാസിൾ ചേർന്ന് മരം മുറിച്ചുമാറ്റി.
◼️ തിരൂരങ്ങാടി വെന്നിയൂർ ദേശീയപാതയിൽ മില്ലുംപടിക്ക് സമീപം ഗുഡ്സ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു . ഇന്ന് രാവിലെയാണ് അപകടം. രണ്ട് ഇലക്ട്രിക് പോസ്റ്റുകളിലാണ് വാഹനം ഇടിച്ചത്.
◼️ ചങ്ങരംകുളത്ത് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തന്‍വീട്ടില്‍ അബ്ദുല്‍ റസാക്ക് (62)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അബ്ദുല്‍ റസാക്കിന്‍റെ ഭാര്യ സുബൈദ (52)ന് പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അബ്ദുറസാക്കിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
◼️ താനൂരിൽ തമിഴ്നാട് സ്വദേശിയെ കാണാതായതായി പരാതി. ദീര്‍ഘനാളായി കണ്ണന്തളി സഫ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യനെയാണ് നവംബര്‍ 12 മുതല്‍ കാണാതായത്. താനൂര്‍ പൊലീസില്‍ പരാതി നല്കി.
◼️ മലപ്പുറം ജില്ലയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ അനിമല്‍ ബെര്‍ത്ത് കണ്ട്രോള് (എ.ബി.സി) പദ്ധതി ജില്ല പഞ്ചായത്ത് ഉപേക്ഷിക്കുന്നു. ജില്ലയില്‍ പദ്ധതി നടപ്പാക്കിയിരുന്ന എറണാകുളത്തെ ദയ കുടുംബശ്രീ യൂനിറ്റിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയോഗ്യത കല്പിച്ചതോടെയാണ് നിര്‍ത്തുന്നത്. തെരുവുനായ് ശല്യം രൂക്ഷമായതായി വിവിധ ഇടങ്ങളില്‍നിന്നും പരാതികള്‍ വ്യാപകമാണ്. ശല്യം രൂക്ഷമായ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്കായി നിരന്തരം ജില്ല പഞ്ചായത്തിനെ സമീപിക്കുന്നതിനിടെയിലാണ് നിര്‍ത്തേണ്ടി വന്നത്.
◼️ കോട്ടക്കൽ ചെറുകുളമ്പിൽ സ്‌കൂള്‍പടിയിലെ വഴിയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരുടെ ശല്യം തടയാനുള്ള മറവില്‍ വാഴകൃഷി വെട്ടിനശിപ്പിച്ചതായി പരാതി. കോട്ടക്കല്‍, പെരിന്തല്‍മണ്ണ സംസ്‌ഥാന പാതയില്‍ റോഡ് വശം ഏറ്റവും വീതി കൂടിയ പാര്‍ക്കിഗ് ഏരിയയുള്ള പ്രദേശമാണ്‌ചെറുക്കുളമ്ബ് സ്‌കൂള്‍പടി, ഇവിടെങ്ങളില്‍ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ വര്‍ഷങ്ങളായി പരിസരവാസികള്‍ വാഴ ഉള്‍പ്പെടെയുള്ള വിവിധകൃഷികള്‍ ചെയ്യാറുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും വിരഹ കേന്ദ്രവുമായി ഇത്തരം കൃഷിയിടങ്ങള്‍ മാറിയിട്ടുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവില്‍ വാഴകൃഷി വെട്ടിനശിപ്പിച്ചിട്ടുള്ളത്.
◼️ പെരിന്തല്‍മണ്ണ നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡിലെ വെളിച്ചം ഇല്ലായ്മയും രാത്രിയിലെ യാത്രാക്ലേശവും പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു ട്രാഫിക് സംരക്ഷണസമിതി നഗരസഭ ചെയര്‍മാനു നിവേദനം നല്കി. പുതിയ ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുത്തു മാസങ്ങളായിട്ടും സ്റ്റാന്‍ഡിനകത്ത് രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത അവസ്ഥയാണ്. വൈകുന്നേരമായാല്‍ സ്ത്രീകളും കുട്ടികളും ഇതുമൂലം ഏറെ കഷ്ടപ്പെടുന്നു. നഗരത്തില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങുന്നവരും വിദൂര സ്ഥലങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മടങ്ങുന്നവരും ഇതുകാരണം ഏറെ ദുരിതമനുഭവിക്കുകയാണ്. ആറുമണിക്ക് ശേഷം ബസുകള്‍ സ്റ്റാന്‍ഡിലേക്കു വരാത്ത സാഹചര്യം നിലവിലുണ്ട്. അപ്രതീക്ഷിതമായി ആളുകളെ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിനു മുമ്പ് മെയിന്‍ റോഡുകളില്‍ ഇറക്കി വിടുകയാണ്.
◼️ തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 34 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്കുമാറ്റി. ചെനക്കലങ്ങാടി, അരീപ്പാറ, മാതാപ്പുഴ എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു എഎവൈ കാര്‍ഡ്, 20 മുന്‍ഗണനാ കാര്‍ഡുകള്‍, 13 സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
◼️ പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടിബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ഇന്നു മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായി നിരോധിക്കും.
◼️ പൊന്നാനി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്താനായി മുറവിളി. പ്രധാന റോഡുകളിൽ അപകടങ്ങൾ പതിവായി. കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ ഗർത്തങ്ങളും ടാറിംഗ് പൂർണ്ണമായി അടർന്നു പോയ ഭാഗങ്ങളും നിരവധിയാണ്. വെളിയംകോട് മേഖലയിലെ പാർശ്വ റോഡുകളെല്ലാം പൂർണ്ണമായി തകർന്ന അവസ്ഥയാണ്. പൊന്നാനി ചാവക്കാട് ദേശീയ പാതയുടെ സ്ഥിതി സമാനമാണ്. പൊന്നാനി - ഇടക്കഴിയൂർ റോഡും ബിയ്യം - കാഞ്ഞിരമുക്ക് റോഡും ടാറിംഗ് കഴിയാതെ ഗതാഗതത്തിന് ഏറെ വിഘാതമാണ്. പൊന്നാനി PWD ഓഫിസിൽ പരാതികളുടെ ബഹളമാണ്. ഉദ്യോഗസ്ഥരെ ഉപരോധിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ പതിവാകുന്നു. ഉദ്യോഗസ്ഥരാകട്ടെ കരാറുകാരെ പഴിചാരി ഒഴിഞ്ഞു മാറുന്നു