എടപ്പാൾ: സ്‌കൂൾ വിട്ട് മടങ്ങവേ കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന് കള്ളക്കഥ മെനഞ്ഞ വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് വലഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനായി പൊലീസ് നാടൊട്ടുക്കും ഓടി. ഒടുവിൽ കേസിൽ ഒരു തുമ്പു പോലും കിട്ടാതെ വന്നപ്പോൾ കുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയതോടെയാണ് കുട്ടി പറഞ്ഞത് കള്ളമാണെന്ന് പൊലീസിന് മനസ്സിലായത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പൊലീസിനെ വട്ടം ചുറ്റിച്ചത്. അന്വേഷണത്തിൽ സ്‌കൂളിൽ പോകാനുള്ള മടി മൂലമാണ് വിദ്യാർത്ഥി കള്ളക്കഥയുണ്ടാക്കിയതാണെന്ന കാര്യം തെളിഞ്ഞത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയതായി പരാതി ലഭിച്ചത്.
സ്‌കൂൾ വിട്ടുവരുമ്പോൾ വായനശാലയ്ക്ക് സമീപത്തെ വഴിയിൽ വച്ച് തന്നെ കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടു പോകുകയും മർദിക്കുകയും ചെയ്‌തെന്നും പിന്നീട് രക്ഷപ്പെട്ട് അതുവഴി വന്ന ലോറിയിൽ കയറിയാണ് നാട്ടിലെത്തിയതെന്നും ആയിരുന്നു വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞത്.