തിരൂർ: തിരൂർ-ചമ്രവട്ടം റോഡിൽ താഴേപ്പാലത്തെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമുണ്ടാക്കാൻ നടപടിയായി. 44 കോടി രൂപ ചെലവിൽ താഴേപ്പാലത്ത് ഫ്ലൈഓവർ നിർമിക്കാൻ അടങ്കലിന് അംഗീകാരമായതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. സെയ്‌ന്റ് മേരീസ് പള്ളി മുതൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് മുൻവശംവരെയാണ് പദ്ധതി. ഇത് പൂക്കയിൽ ഭാഗത്തേക്കും ബി.പി. അങ്ങാടി ഭാഗത്തേക്കും കൂടി നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല. പുതിയ പ്ലാൻ അംഗീകരിക്കാൻ കാലതാമസംവരുകയാണെങ്കിൽ 44 കോടി രൂപയുടെ നിർമാണം തുടങ്ങും. ആർ.ബി.ഡി.സി.ക്കാണ് രൂപരേഖ തയ്യാറാക്കാനുള്ള ചുമതല നൽകിയത്.
തിരൂർ നിയോജകമണ്ഡലത്തിലെ ആതവനാട് കാവുങ്ങൽ പാലം പുതുക്കിപ്പണിയാൻ അനുമതിയായതായും തിരുനാവായ-തവനൂർ പാലത്തിന്റെ നിർമാണത്തിന് ടെൻഡർ നടപടി പൂർത്തിയായതായും എം.എൽ.എ. പറഞ്ഞു. തിരൂർ-മാങ്ങാട്ടിരി-പൂക്കൈത റോഡ് നവീകരണത്തിന് രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബി.പി. അങ്ങാടി മാങ്ങാട്ടിരി-വെട്ടം റോഡിന് 2.5 കോടി രൂപയും തിരൂർ റെയിൽവേ സ്റ്റേഷൻ റോഡിന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തീരദേശ ഹൈവേ കോതപറമ്പ് മുതൽ ആലിൻചുവട് വരെയുള്ള പ്രവൃത്തി ഉടൻ ആരംഭിക്കും.