കാസര്‍കോഡ് പരപ്പയില്‍ റബ്ബര്‍ തോട്ടത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബളാല്‍ പഞ്ചായത്തിലെ ഇടത്തോട് മുണ്ടപ്ലാവിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ പുല്ലരിയാന്‍ പോയ ആളാണ് മൃതദേഹാവശിഷ്ടം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഒരു മാസത്തെ പഴക്കമുള്ള മൃതദേഹത്തിന്റെ തല വേര്‍പെട്ട നിലയിലാണ്. തൊട്ടടുത്ത മരത്തില്‍ തുണി കെട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ തൂങ്ങി മരിച്ചതാണോയെന്നാണ് സംശയിക്കുന്നത്. നായിക്കയത്ത് നിന്ന് ഒരു മാസം മുമ്ബ് കോട്ടക്കുഴിയില്‍ കുഞ്ഞുമോന്‍ എന്നയാളെ കാണാതായിരുന്നു. മൃതദേഹം ഇയാളുടേതാണോയെന്ന് സംശയമുണ്ടെന്നും വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാര്‍ഡ് മെമ്ബര്‍ ജോസഫ് വര്‍ക്കി പറഞ്ഞു.
വെള്ളരിക്കുണ്ട് സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളേജില്‍ തുടര്‍ പരിശോധനകള്‍ക്കായി എത്തിച്ചു.