മലപ്പുറം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മാറ്റിവെച്ചു. അടുത്ത മാസം മലപ്പുറത്ത് തുടങ്ങാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരേയായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.
കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടായാല്‍ ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തിയ്യതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കാണികളെ പ്രവേശിപ്പിക്കാതെ ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ ആഗ്രഹം പ്രകടിപ്പിച്ചില്ല.