വർക്കല : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ. വർക്കല രഘുനാഥപുരം ബി.എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് രണ്ട് സ്ത്രീകൾക്കൊപ്പം തമിഴ്നാട്ടിലെ കുറ്റാലത്തുള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത്.

കഴിഞ്ഞ 26-നാണ് കാമുകന്മാർക്കൊപ്പം സ്ത്രീകൾ നാടുവിട്ടത്. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ച് വശീകരിച്ച് വശത്താക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. തുടർന്ന് സ്ത്രീകളിൽ നിന്നും സ്വർണവും പണവും കൈക്കലാക്കുകയും സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച് ആഡംബര ജീവിതം നയിച്ച് വരികയുമായിരുന്നു ഷാനും റിയാസും.എന്നാൽ, സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളായ ഷൈനിന്റെയും റിയാസിന്റെയും പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുമുള്ള മൂന്നു മക്കളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. പിഞ്ചു കുട്ടികൾ അമ്മമാരെ കാണാതെയും മനോവിഷമത്താൽ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയിൽ ആയിരുന്നു എന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ സ്ത്രീകൾക്കെതിരെ ബാല സംരക്ഷണ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പിടിയിലായ നാലു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post

Whatsapp news grup