കരുവാരകുണ്ട്: സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് സ്വര്‍ണവും പണവും തട്ടുന്ന രണ്ടുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാടിന് സമീപം തൃക്കള്ളൂര് കല്ലാംകുഴിയിലെ മാങ്ങാട്ടുതൊടി റഷീദ് (34), മണ്ണാര്‍ക്കാട് കൊളങ്ങര കദീജ (42) എന്നിവരെയാണ് കരുവാരകുണ്ട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
വാട്സ്ആപ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മിസ്ഡ് കാള്‍ ചെയ്തും സന്ദേശങ്ങളയച്ചും സ്ത്രീകളുമായി അടുപ്പമുണ്ടാക്കും. തുടര്‍ന്ന് നയത്തില്‍ ചിലരില്‍നിന്ന് പണവും മറ്റ് ചിലരില്‍നിന്ന് സ്വര്‍ണാഭരണങ്ങളും കൈക്കലാക്കും.
ആഭരണങ്ങള്‍ വാങ്ങി പണയം വെക്കാറാണ് പതിവ്. കരുവാരകുണ്ട് സ്വദേശിനിയില്‍നിന്ന് 14 പവന് സ്വര്‍ണം കൈവശപ്പെടുത്തി മണ്ണാര്‍ക്കാട്ടെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരുന്നു. ഇവര്‍ നല്കിയ പരാതിയിലാണ് പിടിയിലായത്. എസ്.ഐ സുജിത്ത് മുരാരി, എസ്.സി.പി.ഒ കെ.എസ്. ഉല്ലാസ്, സി.പി.ഒമാരായ ഷജിന്‍ ഗോപിനാഥ്, അജിത്ത്, മനു പ്രസാദ്, ഹലീമ എന്നിവരാണ് അന്വേഷണം നടത്തിയത്.