കൊണ്ടോട്ടി: വിമാനത്താവള ടെർമിനലിൽ പോലീസ് സഹായകേന്ദ്രം തുറന്നു. അന്താരാഷ്ട്ര ടെർമിനലിലാണ് രണ്ടാമത്തെ പോലീസ് സഹായകേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
നിലവിൽ ടെർമിനലിന് പുറത്ത് പ്രവേശനകവാടത്തിന് സമീപമാണ് പോലീസ് സഹായകേന്ദ്രമുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് പോലീസ് സഹായം തേടുന്നതിന് ഏറെ പ്രയാസമുണ്ടായിരുന്നു. ടെർമിനലിൽനിന്ന് പുറത്തിറങ്ങി മഴയും വെയിലുമെല്ലാം സഹിച്ച് വേണമായിരുന്നു സഹായകേന്ദ്രത്തിലെത്താൻ. ടെർമിനലിനുള്ളിലും പുറത്തും നടക്കുന്ന കാര്യങ്ങൾ അറിയാത്തതിനാൽ വിമാനത്താവളത്തിലെ പ്രശ്‌നങ്ങളിൽ പോലീസിന് യഥാസമയം ഇടപെടാനും കഴിയാറില്ലായിരുന്നു.
ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായാണ് പുതിയ സഹായകേന്ദ്രം തുടങ്ങിയത്. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗവും ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസും ചേർന്ന് സഹായകേന്ദ്രം തുറന്നുനൽകി. ഡിവൈ.എസ്.പി. കെ. അഷ്‌റഫ്, കരിപ്പൂർ ഇൻസ്‌പെക്ടർ പി. ഷിബു തുടങ്ങിയവർ പങ്കെടുത്തു.