തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ആരാധനാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
ആരാധനാലയങ്ങളില്‍ ഇരുപത് പേര്‍ക്കാണ് പ്രവേശനാനുമതി.
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം.
സ്കൂളുകള്‍ 14-ാം തീയതി മുതലും കോളജുകള്‍ 7-ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതല്‍ 9വരെ ക്ലാസുകളാണ് സ്കൂളുകളില്‍ ആരംഭിക്കുന്നത്. സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. സംസ്ഥാനത്ത് ഞായറാഴ്ച്ചകളില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചു.