അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ (2.2 കോടി ദിർഹം) തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന്. ലീനയും സഹപ്രവർത്തകരായ ഒൻപത് പേരും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയാണ്.
ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും തന്റെ പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. 'ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. സമ്മാനം അടിച്ചുവെന്ന് പറഞ്ഞു വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്നും പറഞ്ഞു. ജോലിയിൽ തുടരും. വീട്ടുകാരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കും' ലീന പറഞ്ഞു.
സുറൈഫ് സുറു (10 ലക്ഷം ദിർഹം), സിൽജോൺ യോഹന്നാൻ (5 ലക്ഷം ദിർഹം), അൻസാർ സുക്കറിയ മൻസിൽ (2.5 ലക്ഷം ദിർഹം), ദിവ്യ എബ്രഹാം (1 ലക്ഷം ദിർഹം) എന്നീ വിജയികളെല്ലാം ഇന്ത്യക്കാരാണ്.