തിരൂർ: ഓപ്പറേഷൻ സാഗരറാണിയുടെ ഭാഗമായി
തിരൂർ മാർക്കറ്റിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മിന്നൽ
പരിശോധനയിൽ ഫോർമാലിൻ കലർത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ അളവിൽ
ഐചേർക്കാത്തതിനാൽ ഭക്ഷ്യയോഗ്യമല്ലാതായ 80 കിലോ മത്സ്യവും പിടികൂടി. പുലർച്ചെ മൂന്നോടെയായിരുന്നു പരിശോധന.

എല്ലാ കച്ചവടക്കാരുടെയും മത്സ്യശേഖരത്തിൽ
നിന്നും സാമ്പിളുകൾ ശേഖരിക്കുകയും അവ
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ
പരിശോധിക്കുകയുമായിരുന്നു. ഈ പരിശോധനയിലാണ് 150 കിലോ തളയൻ മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം
കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറുകിട മത്സ്യകച്ചവടക്കാർ തിരൂർ മാർക്കറ്റിൽ നിന്നാണ് മത്സ്യം വാങ്ങി വിൽപ്പനക്കായി കൊണ്ടുപോകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ മത്സ്യവും തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവും വലിയ കണ്ടെയ്നറുകളിൽ മാർക്കറ്റിൽ
എത്തിച്ചിരുന്നു. ഇതിനിടയിലായിരുന്നു മിന്നൽ
പരിശോധന. രാസവസ്തുക്കൾ ചേർന്ന മത്സ്യ ഉപഭോഗത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച്
കച്ചവടക്കാരെ ബോധവത്കരിച്ച ഉദ്യോഗസ്ഥർ തുടർന്നും കർശനമായ പരിശോധനകൾ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നും നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും
വ്യക്തമാക്കി. ഫിഷറീസ് ഓഫീസർ ഇബ്രാഹിംകുട്ടി, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ മുഹമ്മദ്
മുസ്തഫ, അരുൺകുമാർ , അർജുൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post

Whatsapp news grup