തിരൂർ: ചമ്രവട്ടം പാതയിലെ അപകടങ്ങൾ വിധം വർധിക്കുന്നു. ചമ്രവട്ടം പാലം മുതൽ താനൂർ വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലാണ് ഏറ്റവുമധികം അപകടങ്ങൾ നടക്കുന്നത്. മിക്ക അപകടങ്ങൾക്കും കാരണം അമിതവേഗമാണ്. ഒരാഴ്ചയ്ക്കിടെ മാത്രം ഈ ഭാഗത്ത് ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളാണ് നടന്നത്. ഈ പാതയിൽ യാത്ര ചെയ്താൽ റോഡരികുകളിൽ അപകടം സംഭവിച്ച് ധാരാളം
വാഹനങ്ങൾ കിടക്കുന്നത് കാണാം. ഒട്ടേറെ പേർക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചിട്ടുള്ളത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ധാരാളമാണ്. കഴിഞ്ഞ ദിവസം തിരൂർ ചെറുമുച്ചിക്കലിൽ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷ ജീവനക്കാരന് പരുക്കേറ്റിരുന്നു. അന്നു തന്നെ
പൂക്കയിലും കാർ അപകടം ഉണ്ടായി. ഇതിലും ഒരാൾക്ക് പരുക്കുണ്ട്. ദിവസങ്ങൾക്കു മുൻപ് പ പെന്തല്ലൂരിൽ സ്കൂട്ടർ യാത്രക്കാരൻ ലോറിയെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ബസിടിച്ച് മരിച്ചു. ഇവിടെ തന്നെ ഒരു കാർ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച സംഭവവുമുണ്ടായി. ചരക്കു ലോറികൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും ധാരാളമാണ്. കയറ്റിറക്കം കുറവുള്ള പാതയിൽ അമിത വേഗത്തിലാണ് വാഹനങ്ങളുടെ സഞ്ചാരം.
നവീകരിച്ച റോഡിന്റെ മിനുസം പോകാത്തതും മറ്റൊരു കാരണമാണ്. പാതയിലെ വാഹനങ്ങളുടെ വേഗം കുറയ്ക്കുകയാണ് അപകടങ്ങൾ കുറയ്ക്കാനുള്ള ഏകമാർഗം. അതിനായി ഹൈവേകളിൽ ഉപയോഗിക്കുന്ന കട്ടിയുള്ള വരകളോ ചെറു ഹംപുകളോ
പാതയിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം കാണിക്കുന്ന അടയാള ബോർഡുകളും പാതയിൽ ധാരാളമായി സ്ഥാപിക്കേണ്ടതുണ്ട്. സ്ഥിരം അപകടമേഖലകളിൽ ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ പറയുന്നു.
