കോഴിക്കോട്: എസ്‌എസ്‌എല്‍സി പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് പരീക്ഷകള്‍ പ്രയാസമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പയ്യോളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയും പ്രയാസമേറിയതായിരുന്നു എന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ അറിയിച്ചു. ഫിസിക്‌സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്ന് അറിയിച്ച അനുശ്രീ, വസ്ത്രം മാറാനായി മുറിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍, പിന്നീട് അനുശ്രീയുടെ അനക്കം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിന്നീട്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
