തിരൂർ: നിർത്താതെ പുക ഉയർന്നതിനെത്തുടർന്ന് ആശങ്കയുയർത്തിയ റോഡരികിലെ പാലമരം ബുധനാഴ്ച മുറിച്ചുമാറ്റി. തലക്കാട് വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ 72 വർഷം പഴക്കമുള്ള കൂറ്റൻ പാലമരമാണ് മുറിച്ചുമാറ്റിയത്. മരത്തിന്റെ അടിഭാഗം പൂർണമായും മുറിച്ചുമാറ്റിയിട്ടില്ല. മരത്തിൽനിന്ന് പുകയുയരുന്നത് നിന്നിട്ടില്ല. കാരണം വ്യക്തമല്ല.


മരത്തിന്റെ ഉള്ളിൽ തീയുള്ളതായി പൊത്തിലൂടെ കാണാം. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ. മൂന്ന് പൊത്തുകളിൽ നിന്നാണ് പുകയുയർന്നിരുന്നത്. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയെത്തി മരത്തിന്റെ പൊത്തുകൾക്കിടയിലൂടെ 10,000 ലിറ്ററോളം വെള്ളം ഒഴിച്ചെങ്കിലും പുക ശമിച്ചില്ല. മരം പൊട്ടിവീണാൽ സമീപത്തെ കെട്ടിടങ്ങൾക്കും തിരൂർ-ചമ്രവട്ടം പാതയിലൂടെ പോകുന്ന വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടം സംഭവിക്കുമെന്നതിനാൽ വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെട്ടിമാറ്റാൻ സബ് കളക്ടർ സച്ചിൻകുമാർ യാദവ് ഉത്തരവിടുകയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് തുടങ്ങിയ മരംവെട്ടൽ വൈകീട്ട് നാലരയ്ക്കാണ് അവസാനിച്ചത്.


എസ്.ഐ. പ്രദീപ്കുമാർ, ട്രാഫിക്ക് എസ്.ഐ. മുരളീധരൻ, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി. പുഷ്പ, വൈസ് പ്രസിഡന്റ് എ.കെ. ബാബു എന്നിവർ സ്ഥലത്തുണ്ടായിരുന്നു. മരത്തിനുള്ളിൽനിന്ന് പുകയുയരുന്നതും, മരം വെട്ടുന്നതുമായ ദൃശ്യം കാണാനും മൊബൈൽഫോണിൽ പകർത്താനും നിരവധി പേർ ഇവിടെയെത്തിയിരുന്നു

Previous Post Next Post

Whatsapp news grup