ന്യൂഡൽഹി: ജനങ്ങൾക്ക് അമിതഭാരം നൽകി, ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞയാഴ്ച വാണിജ്യ പാചക വാതക വിലയും വർധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 102.5 രൂപയാണ് കൂട്ടിയത്. ഇതോടെ നേരത്തെയുണ്ടായിരുന്ന 2,253 രൂപയിൽനിന്ന് വില 2,355 രൂപയായി ഉയർന്നു. അഞ്ച് കിലോ എൽ.പി.ജി സിലിണ്ടറിന്‍റെ വില 655 രൂപയാണ്.
ഇതോടെ പുതിയ വില 1,006.50 രൂപയായി ഉയർന്നു. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ നേരത്തെയുള്ള വില. ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ച് 2,253 രൂപയിലെത്തിച്ചിരുന്നു. സമാന രീതിയിൽ മാർച്ച് ഒന്നിനും 105 രൂപ വർധിപ്പിച്ചു. നിരന്തരം പാചക വാതകത്തിന് വില വർധിപ്പിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ താളംതെറ്റിക്കും.
