കുറ്റിപ്പുറം: വീടുകളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി.  കുറ്റിപ്പുറം നാഗപറമ്പിലാണ് സംഭവം. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെ ഇയാളില്‍ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകള്‍ക്ക് മീനുകള്‍ ഇട്ടു നല്‍കിയിരുന്നു. മീന്‍ തിന്നതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചത്തു.


സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടഞ്ഞു. ഉടൻ തന്നെ നേരത്തേ ഇയാളില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു. ആരും മീൻ ഇതിനോടകം ഭക്ഷിച്ചിരുന്നില്ല.  തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസില്‍ പരിശോധനയ്ക്ക് എത്തിച്ചു. മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ എത്തിച്ചു പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു.


കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

Previous Post Next Post

Whatsapp news grup