തിരുവനന്തപുരം: മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. കരട് വോട്ടര്‍പട്ടിക മേയ് 25 ന് അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ജൂണ്‍ 18 ന് പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്ബോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.lsgelection.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി വേണം നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിത ഫാറത്തില്‍ അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം.
കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജാഫീസിലും താലൂക്കാഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ് സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്.
പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, പന്ത്രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനു വേണ്ടിയാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. അവ ജില്ലാ ക്രമത്തില്‍ താഴെ പറയുന്നു.
കൊല്ലം ജില്ല - ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്ബള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട്
ആലപ്പുഴ ജില്ല - പാലമേല്‍ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി
കോട്ടയം ജില്ല - കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍
ഇടുക്കി ജില്ല - വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുംഭപ്പാറ
എറണാകുളം ജില്ല - ആലുവ മുനിസിപ്പാലിറ്റിയിലെ പുളിഞ്ചോട്
തൃശ്ശൂര്‍ ജില്ല - കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി
പാലക്കാട് ജില്ല - തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്ബിടി
മലപ്പുറം ജില്ല - മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൂന്നാംപടി, മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കിഴക്കേതല, മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം
കോഴിക്കോട് ജില്ല -തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്
കാസര്‍ഗോഡ് ജില്ല - കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തോയമ്മല്‍, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ, കുമ്ബള ഗ്രാമപഞ്ചായത്തിലെ പെര്‍വാഡ്.