തിരൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി നടക്കുന്ന തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചെറിയമുണ്ടം പഞ്ചായത്തിലെ പരന്നേക്കോട് കോളനിയിലെ 67 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ ഓണ്‍ലൈനിലൂടെ നിർവഹിച്ചു. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
'എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് റവന്യൂ വകുപ്പ് മുന്നോട്ടുപോവുന്നത്. ഏറ്റവും കൂടുതല്‍ ഭൂരഹിതരെ ഭൂമിയുടെ ഉടമകളാക്കി ജില്ല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ നൂറു ദിനത്തിനുള്ളില്‍ 2061 കുടുംബങ്ങള്‍ക്കും ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ 10,136 കുടുംബങ്ങള്‍ക്കും പട്ടയം നല്കാന് സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ഭൂരഹിതരുടെ വിവരങ്ങളടങ്ങിയ പട്ടയ ഡാഷ് ബോര്‍ഡ് രൂപവത്കരിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു. കായിക മന്ത്രി വി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. 67 കുടുംബങ്ങളും മന്ത്രി വി. അബ്ദുറഹ്മാനില്‍നിന്ന് പട്ടയങ്ങള്‍ ഏറ്റുവാങ്ങി. ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ചെറിയമുണ്ടം പഞ്ചായത്ത് അംഗം സുലൈമാന്‍ കോടനിയില്‍, തിരൂര്‍ ആര്.ഡി.ഒ പി. സുരേഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.സി. രാധാകൃഷ്ണന്, പി.പി. മൂസക്കുട്ടി, എന്‍.വി. ഉണ്ണികൃഷ്ണന്, പി.പി. അവറാന് ഹാജി, ചന്ദ്രന് കുടക്കില്, സി.കെ. അബ്ദു എന്നിവര്‍ പങ്കെടുത്തു.