കൊച്ചി: ലക്ഷങ്ങളുടെ സ്വര്‍ണമടങ്ങിയ ബാഗുമായി മുങ്ങിയ മലപ്പുറം സ്വദേശി മണിക്കൂറുകള്‍ക്കുളില്‍ പോലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്ത് പോലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വര്‍ണം അടങ്ങിയ ബാഗുമായാണ് പ്രതി മുങ്ങിയത്.
മലപ്പുറം എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം (56) ആണ് അറസ്റ്റിലായത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സിമന്റ് ബഞ്ചില്‍ ദമ്ബതികള്‍ മറന്നുവച്ച ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയെ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ റെയില്‍വേ പൊലീസ് വലയിലാക്കി. റെയില്‍വേ പൊലീസിന് ലഭിച്ച പരാതിയില്‍, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
കൊച്ചിയില്‍ ഇന്നലെ രാവിലെ കൊച്ചുവേളി- ലോക്മാന്യ തിലക് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ ദമ്ബതികള്‍ സിമന്റ് ബെഞ്ചില്‍ ബാഗ് മറന്നുവച്ച് ട്രെയിനില്‍ കയറി ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു. മറ്റ് ബാഗുകള്‍ എടുത്തെങ്കിലും സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് എടുത്തില്ല. ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ബാഗ് എടുത്തില്ലെന്ന വിവരം അറിയുന്നത്.
ഈ സമയം ഇതേ ട്രെയിനില്‍ അബ്ദുള്‍ സലാം കൊച്ചിയില്‍ വന്ന് ഇറങ്ങിയപ്പോള്‍ ബാഗ് ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നശേഷം ബാഗുമായി അടുത്ത ട്രെയിനില്‍ കയറി അങ്കമാലിയില്‍ ഇറങ്ങുകയായിരുന്നു.
അതിനിടെ ബാഗ് നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നു റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്കമാലിയില്‍ വച്ച് പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച ഇയാളുടെ ചിത്രം ട്രെയിനുകളിലുള്ള പൊലീസുകാര്‍ക്കും ഷാഡോ പൊലീസിനും ഉള്‍പ്പടെ കൈമാറിയിരുന്നു. ഫോട്ടോയുമായി ചാലക്കുടി, ആലുവ, അങ്കമാലി സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി അങ്കമാലി സ്റ്റേഷനില്‍ വച്ചു പിടിയിലായത്.
ബാഗിലുണ്ടായിരുന്ന സ്വര്‍ണം പ്രതിയുടെ പോക്കറ്റില്‍ നിന്നു കണ്ടെടുത്തു. ബാഗ് ഉപേക്ഷിക്കാതിരുന്നത് പൊലീസിന് പ്രതിയെ തിരിച്ചറിയാന്‍ സൗകര്യമായി. മോഷണക്കുറ്റം ചുമത്തിയ ഇയാളെ ദേഹ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ പതിവു മോഷ്ടാവാണോ എന്നറിയാന്‍ മറ്റു സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
