മെയ് 19 മുതൽ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നത് ആരംഭിച്ചതായും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും നേരിട്ട് സ്വീകരിക്കുന്നത് സർക്കാർ നിർദേശപ്രകാരം നിർത്തലാക്കിയതായും ജില്ലാ സപ്ലൈ ഓഫീസർ ഷാജഹാൻ തയ്യിൽ പറഞ്ഞു. ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് പരിശോധിക്കുന്നതിനും പട്ടിക തയാറാക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം (ആർ.സി.എം.എസ്) വരുത്തിയിട്ടുണ്ട്. റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷകൾ താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫീസ് പോർട്ടലിലേക്ക് സമർപ്പിക്കുന്നതിന് സർവീസ് ചാർജ്ജായി 25 രൂപയാണ് അക്ഷയ സെന്ററുകൾ ഈടാക്കേണ്ടത്.
കോവിഡ് കാലത്ത് യഥാസമയം അദാലത്തുകളും ഫീൽഡ് തല പരിശോധനയും നടത്താൻ കഴിയാതിരുന്നത് കണക്കിലെടുത്തും ഓരോ താലൂക്കിലും അർഹത വിഭാഗങ്ങൾക്ക് മാർക്ക് നൽകുന്നത് വ്യത്യസ്ത രീതിയിലായത് അർഹരായവർക്ക് അവസരം നഷ്ടമാകാനിടയാക്കുന്നത് പരിഗണിച്ചുമാണ് ഏകീകൃത ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ അടിയന്തര പ്രാധാന്യമുള്ളതും ഗുരുതര മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നതുമായ അംഗങ്ങളുള്ള കുടുംബങ്ങളുടെ അപേക്ഷകൾ ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.
