തിരൂർ: പാമ്പുപിടിത്തത്തിൽ ലൈസൻസുള്ള ഉഷയും രക്ഷാപ്രവർത്തകനായ നൗഷാദും ഇതിനകം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കെ.പി. നൗഷാദും ടി.പി. ഉഷയും രക്ഷാപ്രവർത്തകരാണ്. എമർജൻസി റസ്‌ക്യൂ ഫോഴ്സ് അംഗങ്ങൾ. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് കിണറ്റിൽ വീണ നായയെ രക്ഷിക്കാൻ നൗഷാദിനൊപ്പം ഉഷയും ഉണ്ടായിരുന്നു. 

രക്ഷാപ്രവർത്തനത്തിനിടയിൽ നൗഷാദ് മരണത്തിനു കീഴടങ്ങി. ഇതിനു സാക്ഷിയായ സഹപ്രവർത്തക ഉഷയ്ക്ക് മരണത്തിൽനിന്ന് നൗഷാദിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ നൗഷാദിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ ഉഷയുമുണ്ടായിരുന്നു. നൗഷാദ് ഉഷയുടെ കൺമുൻപിൽവെച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചത്. പൂക്കയിൽ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ നായയെ രക്ഷിക്കാൻ ഉടൻ വരണമെന്ന് നൗഷാദ് ഉഷയോട് വിളിച്ചുപറയുകയായിരുന്നു. ഉടനെ ഇരുവരും പോകുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.

‘ഉണ്ടായ സംഭവങ്ങൾ ഓർക്കുമ്പോൾ ദുഃഖം സഹിക്കാൻ കഴിയുന്നില്ല.സ്വന്തം സഹോദരനെപ്പോലെയായിരുന്നു നൗഷാദ്. ഒരു പ്രതിഫലേച്ഛയുമില്ലാതെ അവൻ ആരു വിളിച്ചാലും രക്ഷാപ്രവർത്തനത്തിന് ഓടും. ഒടുവിൽ എനിക്കവനെ രക്ഷിക്കാൻ കഴിഞ്ഞില്ല’ -ഉഷ വിങ്ങലോടെ പറഞ്ഞു. രക്ഷാപ്രവർത്തകയായ ഉഷയ്ക്ക് 2013 മുതൽ നൗഷാദിനെ അറിയാം.കഴിഞ്ഞ മൂന്നുവർഷമായി നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഉഷയും നൗഷാദും പങ്കാളികളായിട്ടുണ്ട്

Previous Post Next Post

Whatsapp news grup