ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നമ്ബര്‍ അടക്കമുള്ള വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്. ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ അവസാന നാലക്കം മാത്രം കാണുന്ന തരത്തില്‍ മാസ്ക് ചെയ്ത പകര്‍പ്പുകള്‍ മാത്രമേ നല്‍കാവൂ എന്നും ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
"ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാല്‍ ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനങ്ങള്‍ക്കും നല്‍കരുത്. പൂര്‍ണ ആധാര്‍ ആര്‍ക്കും നല്‍കേണ്ട സാഹചര്യം രാജ്യത്തില്ല. ആവശ്യമെങ്കില്‍, ആധാര്‍ നമ്ബറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്ക് ചെയ്ത പകര്‍പ്പ് ഉപയോഗിക്കുക. യു.ഐ.ഡി.എ.ഐ ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, തിയറ്ററുകള്‍ തുടങ്ങിയവര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ല' -കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്ബ്യൂട്ടറുകള്‍ ഉപയോഗിക്കരുത്. അഥവാ, അങ്ങനെ ചെയ്യുകയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകര്‍പ്പുകളും കമ്ബ്യൂട്ടറില്‍ നിന്ന് പൂര്‍ണമായി ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍:
●സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്ബര്‍ നല്‍കരുത്
●ആവശ്യമെങ്കില്‍ അവസാന നാലക്കങ്ങള്‍ മാത്രം കാണിച്ചാല്‍ മതി
◆ആധാര്‍ വെര്‍ച്വല്‍ ഐ.ഡിമാത്രം ഉപയോഗിയ്ക്കുക
◆ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിക്കുക
◆യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രം ആധാര്‍ നല്‍കുക
★മാസ്ക് ചെയ്ത ആധാര്‍ എങ്ങനെ ലഭിക്കും?
യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് https://myaadhaar.uidai.gov.in/മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക.
'Do you want a masked Aadhaar' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
മാസ്ക് ചെയ്ത ആധാര്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്യുക.