തിരൂരങ്ങാടി: ടൗണില്‍ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും സംബന്ധിച്ച്‌ സ്റ്റോപ്പിന്റെ കാര്യത്തില്‍ ആശയ കുഴപ്പം നേരിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി ട്രാഫിക് ക്രമീകരണ സമിതിയുടെ നേതൃത്വത്തില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സുചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കോഴിക്കോട് പരപ്പനങ്ങാടി, കുന്നുംപുറം ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ ടൗണിലെ കാര്‍ ടാക്സി സ്റ്റാന്‍ഡിന്റെ മുമ്ബില്‍ യാത്രക്കാരെ ഇറക്കുകയും താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷനില്‍ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പുര്‍ണ്ണമായും ഒഴിവാക്കുന്നത് സംബന്ധിച്ചും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.


പൊലീസ് സ്റ്റേഷന്റെ മുന്‍വശത്ത് നടപ്പാതയില്‍ ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം തുടങ്ങി. ബസ് നിറുത്തേണ്ടതും നിറുത്താനാകാത്തതുമായ സ്ഥലങ്ങളില്‍ ഇവ കാണിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഗതാഗത കുരുക്കിന് കുറവ് വന്നിട്ടുണ്ട്. കോഴിക്കോട് റോഡില്‍ ഇമ്രാന്‍സ് കണ്ണാശുപത്രിയുടെ മുന്‍പില്‍ യാത്രക്കാര്‍ക്ക് കയറാന്‍ ബസ് നിറുത്താനുള്ള സംവിധാനം വരും. ടൗണില്‍ ഇനി തോന്നിയ പോലെ ബൈക്കുകളും വലിയ വാഹനങ്ങളും നിറുത്തിടാന്‍ പറ്റില്ല. പൊലീസിന് ടൗണില്‍ അനധികൃത പാര്‍ക്കിംഗ് നടത്തിയിട്ടുണ്ടോ എന്ന് സി.സി.ടി.വി വഴി കാണാന്‍ സാധിക്കും. ചെമ്മാട് തൃക്കുളം ഹൈസ്‌കുള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും റോഡില്‍ ഇറങ്ങി നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.


സ്‌കൂള്‍ തുറക്കുന്നതോടെ ചെമ്മാട് ടൗണ്‍ വഴി ടിപ്പര്‍ ലോറികള്‍ പൂര്‍ണമായും ഒഴിവാക്കും. കക്കാട് നിന്ന് ചെമ്മാട് വഴി വരുന്ന ടോറസ് ടിപ്പറുകള്‍ ഇനി ചെമ്മാട് ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല. കക്കാട് വഴി വരുന്ന ലോറികള്‍ക്ക് മമ്ബുറം പുതിയ പാലം വഴി ദേശീയ പാത ചേളാരി വഴി പരപ്പനങ്ങാടി താനൂര്‍ ഭാഗത്തേക്ക് പ്രവേശിക്കാം. അതിനായി ചെമ്മാട്ടേക്ക് വരുന്ന പ്രധാന സ്ഥലങ്ങളില്‍ കക്കാട്, തലപ്പാറ, വി.കെ പടി, കൊളപ്പുറം, പാലത്തിങ്ങല്‍, തെയ്യാല, ചിറമംഗലം എന്നിവിടങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
- എം.പി അബ്ദുല്‍ സുബൈര്‍, തിരുരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ

Previous Post Next Post

Whatsapp news grup