നിലമ്ബൂര്‍: ഇരുതല മൂരികളുമായി അഞ്ചു പേരെ നിലമ്ബൂര്‍ വനം ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. എളങ്കൂര്‍ -തച്ചുണ്ണി റോഡിലെ കെ.എം. ഫാമിലി അപ്പാര്‍ട്മെന്‍റ് എന്ന കെട്ടിടത്തില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതികൾ പിടിയിലാവുന്നത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ സുനില്‍കുമാറിന് ലഭിച്ച രഹസ‍്യവിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന.
തിരുപ്പൂര്‍ ന‍്യൂ ബസ്സ്റ്റാന്‍ഡിന് സമീപം മൂന്നാംവഴി സ്വദേശി രാജാമുഹമ്മദ് (39), മഞ്ചേരിക്കടുത്ത് എളങ്കൂര്‍ സ്വദേശി കിഴക്കേപുറത്ത് സൈദ് അബ്ദുല്‍ കരീം (42), പത്തപ്പിരിയം പാണക്കുന്ന് കമറുദ്ദീന്‍ (40), കാസര്‍കോട് ചെങ്കള സ്വദേശി കൊളക്കാടന്‍ ഹനീഫ മുഹമ്മദ് (46), ആലപ്പുഴ എഴുപുന്ന സ്വദേശി പാങ്ങോത്ത്കരി ആനന്ദ് (25) എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശില്‍നിന്ന് 10 ലക്ഷം രൂപക്കാണ് രണ്ട് ഇരുതല മൂരികളെ വാങ്ങിയതെന്നാണ് പ്രതികളിലൊരാളുടെ മൊഴി. ഇവര്‍ വന്ന തമിഴ്നാട്ടില്‍ നിന്നും വാടകക്കെടുത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശൂര്‍ സ്വദേശിക്ക് 25 ലക്ഷത്തിന് വില്‍പന നടത്താനാണ് ഇരുതല മൂരികളെ എളങ്കൂരിലെത്തിച്ചത്. കാല്‍ ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച തൃശൂര്‍ സ്വദേശിയെ ചോദ‍്യം ചെയ്താല്‍ മാത്രമേ പിന്നില്‍ അന്താരാഷ്ട്ര കണ്ണികളുണ്ടോയെന്ന് വ‍്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ വഴിയാണ് ഹാരിസ് എന്ന് പേര് പറഞ്ഞ തൃശൂര്‍ സ്വദേശിയുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളെയും കേസില്‍ പ്രതിയാക്കും. തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെയും ഇരുതല മൂരികളെയും കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് കൈമാറി.
ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എം. രമേശന്‍, ഡെപ‍്യൂട്ടി റേഞ്ച് ഓഫിസര്‍ പി. മോഹനകൃഷ്ണന്‍, ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.പി. പ്രദീപ് കുമാര്‍, പി.കെ. വിനോദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. അന്ധവിശ്വാസമാണ് ഇരുതല മൂരികളെ വ‍്യാപകമായി കടത്തുന്നതിന് പിന്നില്‍. വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയേയും ആഭിചാരത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്