മലപ്പുറം: സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസിൽ രണ്ട് പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമയായ മുരളീധരന്റെ മൊബൈൽ ഫോൺ ഇതേ ഹോട്ടലിൽ മുൻ തൊഴിലാളിയായിരുന്ന മുഹമ്മദ് ഇർഫാൻ മോഷ്ടിക്കുകയും ഗൂഗിൾ പേ വഴി കൂട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് ശാരിക് ഉൾപെടെയുള്ള നാല് പേരുടെ അകൗണ്ടുകളിലേക്കാണ് 75,000 രൂപയോളം ട്രാൻസ്ഫർ ചെയ്തത്.
ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വളരെ വേഗത്തിൽ പ്രതികളെ പിടികൂടുകയും ചെയ്തു.