മലപ്പുറം: ഭാവി തലമുറയ്ക്കായി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന്‌ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നവരെ അവര്‍ പ്രതീക്ഷിക്കുന്നതിലധികം തുക നഷ്ടപരിഹാരം നല്‍കി ചേര്‍ത്തുപിടിക്കുമെന്ന് മന്ത്രി പറഞ്ഞു്‌ 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ കേരളം' ജില്ലാതല പ്രദര്‍ശന വിപണന ഭക്ഷ്യ മെഗാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിറുത്തി രാജ്യത്തിന് മാതൃകയാകുന്ന ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സേവന മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം.

കാലഘട്ടത്തിന് അനുസൃതമായ വികസനം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാവി തലമുറയ്ക്ക് ആവശ്യമായ വികസനമാണ് കേരളത്തിന് ആവശ്യമെന്ന ചിന്താബോധം ഉണ്ടാകണം. അതിനാല്‍ വികസന പദ്ധതികളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ദേശീയപാത വികസന പ്രവൃത്തി ്‌അടിയന്തര പ്രാധാന്യത്തോടെ പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും അര്‍ഹമായ അവകാശം ഉറപ്പാക്കും. ദേശീയപാത വികസനം, ഗെയില്‍, കെ-റെയില്‍ പദ്ധതികളില്‍ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കൊടുക്കാത്ത നഷ്ടപരിഹാരം കേരള സര്‍ക്കാര്‍ നല്‍കുമെന്നും ജനങ്ങളെ കൂടെ നിറുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന വിവിധ സേവനങ്ങളും ധനസഹായ പദ്ധതികളും വിശദീകരിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസ് തയാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി അബ്ദുറഹ്മാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന് നല്‍കി പ്രകാശനം ചെയ്തു.

പി. നന്ദകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണര്‍ എസ്.പ്രേം കൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, തിരൂര്‍ ആര്‍.ഡി.ഒ പി സുരേഷ്, തിരൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു,​ തിരൂര്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Previous Post Next Post

Whatsapp news grup