മലപ്പുറം: ജില്ലയുടെ റെയില്‍വേ വികസനത്തിന് വഴിത്തിരിവായി മൂന്ന് പുതിയ മേല്‍പ്പാലവും ഒരു അടിപ്പാതയും വരുന്നു. കെ റെയിലാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്. അങ്ങാടിപ്പുറം-- വാണിയമ്ബലം റീച്ചില്‍ പട്ടിക്കാട്, ഷൊര്‍ണൂര്‍-- അങ്ങാടിപ്പുറം റീച്ചില്‍ ചെറുകരയിലും താനൂര്‍-- പരപ്പനങ്ങാടി റീച്ചില്‍ ചിറമംഗലത്തുമാണ് മേല്‍പ്പാലം വരിക. നിലമ്ബൂരില്‍ അടിപ്പാതയാണ് നിര്‍മിക്കുന്നത്. നാലിടങ്ങളിലും മേല്‍പ്പാലം വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.
സംസ്ഥാനത്തെ 27 മേല്‍പ്പാലം നിര്‍മിക്കാന്‍ ലഭിച്ച അനുമതിയിലാണ് ഇവ ഉള്‍പ്പെട്ടത്. കെ റെയിലിനാണ് സംസ്ഥാനത്തെ 27 മേല്‍പ്പാലങ്ങളുടെയും നിര്‍മാണ അനുമതി. സില്‍വര്‍ ലൈന്‍ കൂടാതെ കെ റെയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന പദ്ധതിയായി ഈ മേല്‍പ്പാലങ്ങള്‍ മാറും. നിര്‍മാണ ചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും.
താനൂര്‍ പരപ്പനങ്ങാടി റെയില്‍വേ ലൈനിലാണ് ചിറമംഗലം റെയില്‍വേ ക്രോസ്. ട്രെയിനുകള്‍ പോകാനായി മണിക്കൂറുകളോളമാണിവിടെ ദിവസവും വാഹനങ്ങള്‍ പിടിച്ചിടേണ്ടിവരുന്നത്. പരപ്പനങ്ങാടി ടൗണിലെത്താതെതന്നെ പരപ്പനങ്ങാടി-- -തിരൂര്‍ റോഡിനെയും പരപ്പനങ്ങാടി --- മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ഈ ലെവല്‍ ക്രോസ്. എന്നാല്‍, ലെവല്‍ ക്രോസ് അടയ്ക്കുന്നതിനാല്‍ പലപ്പോഴും ഈ എളുപ്പവഴിയെ യാത്രക്കാര്‍ ആശ്രയിക്കാറില്ല.
പലരും വാഹനങ്ങള്‍ പരപ്പനങ്ങാടി ടൗണിലൂടെയാണ് കൊണ്ടുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത് പതിവാണ്. മേല്‍പ്പാലം വരുന്നതോടെ ഇതൊഴിവാകും.