തിരൂര്‍: മലയാളത്തിലെ വൈജ്ഞാനിക പഠന സാധ്യതകള്‍ നേരിട്ടറിയാന്‍ കെ.എ.എസ് ഓഫീസര്‍ ട്രെയിനികളുടെ ആദ്യ സംഘം മലയാള സര്‍വകലാശാലയില്‍. മലയാളത്തിലുള്ള വൈജ്ഞാനിക പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വിവിധ പഠന മേഖലകളില്‍ സര്‍വകലാശാല നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും വൈസ് ചാന്‍സലര്‍ ഡോ: അനില്‍ വള്ളത്തോള്‍ വിശദീകരിച്ചു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലന പരിപാടിയിലെ കേരള ദര്‍ശന്റെ ഭാഗമായി ആദ്യ ബാച്ച് ഓഫീസര്‍മാരാണ് സര്‍വകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫാക്കല്‍റ്റി മേധാവികള്‍ തുടങ്ങിയവരുമായി സംവദിച്ചു.
സംസ്ഥാനത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , മലയാളം മിഷന്‍, സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വൈജ്ഞാനിക കേന്ദ്രമായി മലയാള സര്‍വകലാശാല മാറുന്നതിനുള്ള നയരേഖാ പ്രൊപ്പോസലും ചര്‍ച്ചാ വിഷയമായി. മലയാള ഭാഷയുടെ വൈജ്ഞാനിക പുരോഗതിക്കും സര്‍വകലാശാലയുടെ പുരോഗതിക്കും ഭാവി ഭരണ നിര്‍വഹകര്‍ എന്ന നിലയില്‍ കെ.എ.എസ് ഓഫീസര്‍മാര്‍ സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് രജിസ്ട്രാര്‍ ഡോ: പി.എം. റെജിമോന്‍ അഭ്യര്‍ത്ഥിച്ചു.
ആദ്യ കെ.എ.എസ് ബാച്ചിലെ 105 ഓഫീസര്‍മാരില്‍ നിലവില്‍ ഉത്തര കേരള സന്ദര്‍ശനം ആരംഭിച്ച 35 ഓഫീസര്‍മാരുടെ സംഘമാണ് സര്‍വകലാശാല സന്ദര്‍ശിച്ചത്. സംഘം തിരൂരിലെ തുഞ്ചന്‍ പറമ്ബും സന്ദര്‍ശിച്ചു.