മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മലപ്പുറം നിലമ്ബൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി കാപ്പുമ്മല്‍ മുഹമ്മദ് സാദിഖാണ് പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് യുവാവ് കെണിയില്‍പ്പെടുത്തുകയായിരുന്നു. നഗ്നഫോട്ടോകളും പ്രതി കൈക്കലാക്കി. ഈ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനശ്രമം. പെണ്‍കുട്ടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാനും ശ്രമം നടന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം ആദ്യം അറിയുന്നത്. തുടര്‍ന്ന് നിലമ്ബൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് കാക്കൂരിലുള്ള വീട്ടില്‍ എത്തിയാണ് നിലമ്ബൂര്‍ പൊലീസ് മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം തുടരുകയാണ്.